Kerala

സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്

വൈകീട്ട് വാർത്താസമ്മേളനം നടത്തി നുണബോംബുകൾ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ അധംപതിച്ചുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേരാണ് മാർച്ചിൽ പങ്കെടുത്തത്. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ഷിബു ബേബി ജോൺ, എംഎൽഎമാരായ ടി വി ഇബ്രാഹിം, വി എസ് ശിവകുമാർ എന്നിവരാണ് മാർച്ചിൽ പങ്കാളികളായത്. ഒരിടവേളക്ക് ശേഷമാണ് സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്തുവന്നത്.

വൈകീട്ട് വാർത്താസമ്മേളനം നടത്തി നുണബോംബുകൾ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ അധംപതിച്ചുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷിന് നിയമനം നൽകിയത് താൻ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇ.ഡി സമർപ്പിച്ച കുറ്റപ്പത്രത്തിൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി കള്ളം പറയുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് എല്ലാ ഒത്താശയും മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുനൽകി. ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ആദ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരായ പ്രത്യക്ഷ സമരത്തിൽ നിന്ന് പിൻവാങ്ങിയ യുഡിഎഫ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമരം പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫിനുള്ളിൽ നിന്നുതന്നെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തീരുമാനം തിരുത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുതന്നെ സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് യുഡിഎഫ് കൺവീനർ എം എം ഹസൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുള്ളത്. 12ന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ പരിപാടികൾ നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it