Kerala

വാളയാര്‍ കേസ്: പ്രദീപ് കുമാറിന്റെ മരണം ദുരൂഹം; അന്വേഷണം വേണമെന്ന് വാളയാര്‍ നീതി സമരസമിതി

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ പൊതു സമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണ്.

വാളയാര്‍ കേസ്: പ്രദീപ് കുമാറിന്റെ മരണം ദുരൂഹം; അന്വേഷണം വേണമെന്ന്  വാളയാര്‍ നീതി സമരസമിതി
X

കൊച്ചി: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലെ ( 398 , 401) പ്രതി പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും വാളയാര്‍ നീതി സമരസമിതി നേതാക്കള്‍.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ പൊതു സമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണ്.രണ്ടു കുട്ടികളുടെ മരണത്തിലും പ്രദീപ്കുമാര്‍ പ്രതിയായിരുന്നു.

കേസില്‍ വിചാരണ ചെയ്യപ്പെട്ട അഞ്ചു പ്രതികള്‍ക്കു പുറമെ ഒരു ആറാമന്‍ ഉണ്ടെന്ന സംശയം ബലപ്പെടുമ്പോള്‍ അയാളുമായി അടുത്ത ബന്ധം ഉണ്ടന്നു സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ്കുമാര്‍ എന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.അതുകൊണ്ടു തന്നെ വാളയാര്‍ കേസിന്റെ പുനരന്വേഷണ സാധ്യതകള്‍ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനും ഉള്ള ശ്രമങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നു. വാളയാര്‍ കേസിലെന്നപോലെ വെറും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യ എന്ന രീതിയില്‍ പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാര്‍ നീതി സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

2017 ജനു.13ന് മൂത്ത കുട്ടിയുടെ കൊലപാതകികള്‍ തുണികൊണ്ട് മുഖം മറച്ച് ഷെഡില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതു കാരണമാണ് ഇളയ കുട്ടി കൊല്ലപ്പെടുന്നത്.മുഖം മറച്ചതു കാരണം ആളുകളെ മനസിലായില്ല എന്ന് ഇളയ കുട്ടി മൊഴി കൊടുത്ത സാഹചര്യത്തില്‍ പ്രദീപിന് ഇളയ കുട്ടിയോട് വൈരാഗ്യം തോന്നേണ്ട കാരണവുമില്ല . മാത്രമല്ല സാധാരണക്കാരനും , കൂലിപ്പണിക്കാരനും , ഉന്നത ബന്ധങ്ങള്‍ ഇല്ലാത്തവനുമായ പ്രദീപിനെ സംബന്ധിച്ചിടത്തോളം ഒറ്റക്ക് അത്തരമൊരു തീരുമാനം എടുക്കാനുള്ള കരുത്തോ , ശേഷിയോ ഇല്ല താനും . അങ്ങിനെയെങ്കില്‍ ഏതോ ഒരു ഉന്നതന്റെ നിര്‍ദേശപ്രകാരമാണ് പ്രദീപ് അത് ചെയ്തത് എന്നത് വ്യക്തമാണ്.ആ ഉന്നത അദൃശ്യ സാന്നിദ്ധ്യമാണ് ആറാമന്‍ എന്ന് വാളയാര്‍ നീതി സമര സമിതി കണ്‍വീനര്‍ വി എം മാര്‍സന്‍ പറഞ്ഞു.

2019 ഒക്ടോ.25 ന് സ്വതന്ത്രനാക്കപ്പെട്ട ശേഷം 2020 ഒക്ടോ.25 വരെയുള്ള 365 ദിവസങ്ങളില്‍ ഒരിക്കല്‍ പോലും കുറ്റബോധം കൊണ്ട് എന്ന കാരണത്താല്‍ പ്രദീപിന് തൂങ്ങി മരിക്കാന്‍ തോന്നിയില്ല എന്നത് ശ്രദ്ധേയമാണ് . ഇതിനിടയില്‍ ജസ്റ്റീസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം 18 ദിവസത്തെ നീതി യാത്ര അടക്കം 80 ദിവസത്തെ തുടര്‍ സമരങ്ങള്‍ നടത്തിയപ്പോഴും പ്രദീപ് ഭയപ്പെട്ടില്ല . എന്നാല്‍ വാളയാര്‍ അമ്മയും , അഛനും അവരുടെ വീട്ടില്‍ വിധി ദിനം മുതല്‍ ചതി ദിനം വരെ ( 2020 ഒക്ടോ.25 - 31 ) 7 ദിവസത്തെ തുടര്‍ സത്യാഗ്രഹം നടത്തിയതിന് ശേഷമാണ് പ്രദീപിന്റെ തൂങ്ങിമരണം എന്നതും ശ്രദ്ധേയമാണെന്നും വി എം മാര്‍സന്‍ പറഞ്ഞു. ഈ സമരം ആരംഭിച്ചതിന് ശേഷമാണ് 2019 ഒക്ടോ.31 ന് വാളയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി , പട്ടികജാതി വികസന വകുപ്പ് മന്ത്രി , സിപിഎം എന്നിവര്‍ ആദ്യമായി പ്രതികരിക്കുന്നത് . മാത്രമല്ല കേസില്‍ ആറാമന്‍ ഉണ്ട് എന്ന വാദം ശക്തമായി സമൂഹമദ്ധ്യത്തില്‍ ഉയരുന്നതും ഈ സമരത്തിനിടയിലാണ് .

ആരുടേയോ നിര്‍ദേശ പ്രകാരമാണ് പ്രദീപ് ഇളയ കുട്ടിയെ കൊലപ്പെടുത്തുന്നത് എന്ന സംശയം നിലനില്‍ക്കുമ്പോളാണ് പ്രദീപിന്റെ തൂങ്ങി മരണം നിലവിലെ സാഹചര്യത്തില്‍ അവശേഷിക്കുന്ന 4 പ്രതികളുടെ ജീവല്‍ സുരക്ഷ പരിഗണിച്ച് ഒന്നുകില്‍ അവരെ ജയിലില്‍ അടക്കാനോ , അല്ലെങ്കില്‍ അവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി എം മാര്‍സന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it