Kerala

വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന്: ഗവര്‍ണ്ണര്‍ക്ക് പരാതിയുമായി വി പി സജീന്ദ്രന്‍ എംഎല്‍എ

കുടുംബത്തെയടക്കം വേട്ടയാടാന്‍ ശ്രമമെന്ന് എംഎല്‍എ.സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ കൂട്ട് പിടിച്ച് സി പി എം അസത്യ പ്രചാരണം നടത്തുകയാണ്.വന്‍തോതിലുള്ള അഴിമതിപ്പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്താന്‍ കൂട്ട് നില്‍ക്കുന്നതെന്നും വി പി സജീന്ദ്രന്‍ ആരോപിച്ചു.

വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന്:  ഗവര്‍ണ്ണര്‍ക്ക് പരാതിയുമായി വി പി സജീന്ദ്രന്‍ എംഎല്‍എ
X

കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും വ്യാജ പ്രചാരണവും അസത്യ പ്രചാരണങ്ങളുമായി തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് കുന്നത്ത് നാട് എംഎല്‍എ വി പി സജീന്ദ്രന്‍. സര്‍ക്കാര്‍ രേഖകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാജ പ്രചാരണവും വ്യക്തിഹത്യയും നടത്തുകയാണ് ഇതിനെതിരെ ഗവര്‍ണര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ജില്ലാ വരണാധികാരി എന്നിവര്‍ക്ക് പരാതി നല്‍കിയതായും വി പി സജീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ കൂട്ട് പിടിച്ച് സി പി എം അസത്യ പ്രചാരണം നടത്തുകയാണ്.വന്‍തോതിലുള്ള അഴിമതിപ്പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്താന്‍ കൂട്ട് നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.എംഎല്‍എ യും പേഴ്സണല്‍ സ്റ്റാഫും അനധികൃത ബാങ്കിടപാട് നടത്തിയെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും വി പി സജീന്ദ്രന്‍ പറഞ്ഞു. കാനറാ ബാങ്ക് കോലഞ്ചേരി ശാഖയില്‍ ആരംഭിച്ച അക്കൗണ്ട് തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ആരംഭിച്ചതാണ്. തിരഞ്ഞെടുപ്പിന് ശേഷം ഈ അക്കൗണ്ട് ക്‌ളോസ് ചെയ്തു.

കെപിസിസിയില്‍ നിന്ന് ലഭിച്ച തുകയും സുഹൃത്തുക്കള്‍ നല്‍കിയ സംഭാവനകളും ഈ അക്കൗണ്ടിലേക്കാണ് വന്നത്.പേഴ്സണല്‍ സ്റ്റാഫംഗം മൂന്ന് വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയെന്ന വാര്‍ത്തയും എംഎല്‍എ നിഷേധിച്ചു. എംഎല്‍ എ യുടെ ആസ്തി 3004.035 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്നും സജീന്ദ്രന്‍ കുറ്റപ്പെടുത്തി. സമര്‍പ്പിച്ച കണക്കില്‍ ക്ലറിക്കല്‍ പിഴവ് മൂലം ഒരക്കം കൂടി പോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ സത്യവാങ്മൂലം നല്‍കി അത് തിരുത്തുകയും ചെയ്തിരുന്നു. ഇത് ഗവര്‍ണറുടെ ഓഫീസിനും ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ തിരുത്തി നല്‍കിയ രേഖകള്‍ മറച്ചു വച്ച് പിഴവ് പറ്റിയ രേഖകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും തന്നെയും കുടുംബത്തെയും ഹീനമായി വേട്ടയാടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത്തവണയും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വരികയാണ്. ഏത് വൃത്തികെട്ട മാര്‍ഗവും ഇവര്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിച്ച തന്നെയാണ് താനും കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നോട്ട് പോകുന്നതെന്നും സജീന്ദ്രന്‍ പറഞ്ഞു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ ആദായ നികുതി വകുപ്പിനോ നടപടി സ്വീകരിക്കാമായിരുന്നു . എന്നാല്‍ കൃത്യമായി വരവ് ചെലവ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്ന ആളാണ് താന്‍. നിരന്തരം വ്യക്തിഹത്യ നടത്തുന്ന ദിനപത്രത്തിനെതിരെ നിയമനടപടി ആരംഭിച്ചതായും വി പി സജീന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it