Kerala

വയനാട് ദുരന്തം; ശനിയാഴ്ച നാല് മൃതദേഹങ്ങള്‍ക്കൂടി ലഭിച്ചു, ആകെ മരണം 427 ആയി

വയനാട് ദുരന്തം; ശനിയാഴ്ച നാല് മൃതദേഹങ്ങള്‍ക്കൂടി ലഭിച്ചു, ആകെ മരണം 427 ആയി
X

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍കൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ. രാജന്‍. ദുരന്തത്തില്‍ 427 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ടെന്നും ദുരിതാശ്വാസ ക്യാംപുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ, 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹഭാഗവുമടക്കം നാല് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. 11 പേരുടേത് ഇനി കിട്ടാനുണ്ട്, മന്ത്രി പറഞ്ഞു.

ചൂരല്‍മലയിലെ ദുരന്തവുമായി ബന്ധപ്പെട്ട് 14 ക്യാംപുകളിലായി 599 കുടുംബങ്ങളിലെ 1784 പേരാണ് ഉള്ളത്. ഇതില്‍ രണ്ട് ഗര്‍ഭിണികളായ സ്ത്രീകളും 437 കുട്ടികളും ഉള്‍പ്പെടും. ഇവിടെ താമസിക്കുന്നവരുടെ താത്കാലിക പുനരധിവാസത്തിനായി എല്‍.എസ്.ജിയുടെ 41 കെട്ടിടങ്ങളും പി.ഡബ്ല്യൂ.ഡിയുടെ 24 കെട്ടിടങ്ങളും ഉള്‍പ്പെടെ 65 കെട്ടിടങ്ങള്‍ തയ്യാറായിട്ടുണ്ട്. 34 കെട്ടിടങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് ശേഷം ഉപയോഗിക്കാമെന്നും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ 286 വാടക വീടുകള്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, കുട്ടികളുടെ വിദ്യാഭ്യാസം ആളുകളുടെ ജോലി സാധ്യത തുടങ്ങിയവയെല്ലാം പരിഗണിച്ച ശേഷമായിരിക്കും വാടക വീടുമായി ബന്ധപ്പെട്ട ധാരണയില്‍ എത്തുക. എല്ലാവരേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സ്ഥിരമായ പുനരധിവാസമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സഹായം എത്രയും വേഗം നല്‍കും, മന്ത്രി പറഞ്ഞു.





Next Story

RELATED STORIES

Share it