Kerala

അന്യായമായി അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയത്തടവുകാര്‍ക്ക് അടിയന്തര ജാമ്യം തേടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ സംഗമം

അന്യായമായി അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയത്തടവുകാര്‍ക്ക് അടിയന്തര ജാമ്യം തേടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ സംഗമം
X

തിരുവനന്തപുരം: ഫാഷിസ്റ്റ് സര്‍ക്കാരിനെതിരേ ശബ്ദിച്ചതിന്റെ പേരില്‍ അന്യായമായി അറസ്റ്റുചെയ്യപ്പെട്ട മുഴുവന്‍ രാഷ്ട്രീയത്തടവുകാര്‍ക്കും അടിയന്തര ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. 'ജാമ്യമാണ് നീതി' എന്ന തലക്കെട്ടില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു. ഹിന്ദുത്വ ഭരണകൂടം കെട്ടിച്ചമച്ച കേസുകളുടെ പിന്‍ബലത്തിലാണ് ഭരണകൂടം അന്യായമായ അറസ്റ്റുകള്‍ നടത്തിയിട്ടുള്ളത്.

വിദ്യാഭ്യാസ, മാധ്യമ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയാണ് കാരണം കൂടാതെ അറസ്റ്റുചെയ്യുകയും ജയിലറകളില്‍ ക്രൂരമായ പീഡനത്തിനിരയാക്കുകയും ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയത്തടവുകാര്‍ക്ക് പോലും ആവശ്യമായ ചികില്‍സയോ പരിഗണനയോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും ഡല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനും ജെസ്യൂറ്റ് പാതിരി സ്റ്റാന്‍ സ്വാമിക്കും വിദഗ്ധചികില്‍സ നല്‍കാന്‍ കോടതി ഇടപെടേണ്ടിവന്ന സാഹചര്യമാണ് നിലവിലുള്ളത്.

സര്‍ക്കാര്‍ അന്യായമായി അറസ്റ്റുചെയ്ത മുഴുവന്‍ പോരാളികള്‍ക്കും അടിയന്തരമായി ജാമ്യം അനുവദിക്കുകയും ആവശ്യമായവര്‍ക്ക് മതിയായ ചികില്‍സ നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. അറസ്റ്റുചെയ്യപ്പെട്ട വ്യക്തികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ജയിലറകളില്‍ കിടക്കുന്ന രാഷ്ട്രീയത്തടവുകാര്‍ക്കെതിരേ ഭീകരമായ മനുഷ്യാവകാശലംഘനമാണ് സംഘപരിവാര്‍ സര്‍ക്കാര്‍ നടത്തുന്നത്.

ഇതിനെതിരേ രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തടവുകാര്‍ക്ക് അടിയന്തരമായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ആയിരത്തില്‍പരം വീടുകളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it