Kerala

ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ ഇന്ന് കവലകളില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞ

എല്ലാ ജില്ലകളിലും നിരവധി കവലകള്‍ പെണ്‍പോരാട്ട പ്രതിജ്ഞയ്ക്ക് സാക്ഷിയാവും. സ്ത്രീ അതിക്രമങ്ങളെക്കുറിച്ച് കൊളാഷ്, പോരാട്ടഗാനം തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്‌കാരങ്ങളും അനുബന്ധമായുണ്ടാവും.

ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ ഇന്ന് കവലകളില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞ
X

കൊച്ചി: ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ ഇന്ന് സംസ്ഥാനത്തുടനീളമുള്ള കവലകളില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പോരാട്ട പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ജില്ലകളിലും നിരവധി കവലകള്‍ പെണ്‍പോരാട്ട പ്രതിജ്ഞയ്ക്ക് സാക്ഷിയാവും. സ്ത്രീ അതിക്രമങ്ങളെക്കുറിച്ച് കൊളാഷ്, പോരാട്ടഗാനം തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്‌കാരങ്ങളും അനുബന്ധമായുണ്ടാവും.

ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തുന്നതും രാഷ്ട്രപുനര്‍നിര്‍മാണത്തിനാവശ്യമായതുമായ പോരാട്ടങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള പ്രതിജ്ഞ ഇരകളാക്കപ്പെടുന്നവരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടുമുള്ള ബാധ്യതയും മനുഷ്യാവകാശത്തിന്റെ പൂര്‍ത്തീകരണവുമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘപരിവാര്‍ ഗുജറാത്തില്‍ പരീക്ഷിച്ച വംശീയ ഉന്‍മൂലനം ഇന്ത്യയിലാകെ വ്യാപിപ്പിക്കുമെന്നതിന്റെ മുന്നറിയിപ്പുകളാണ് യുപിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദലിത് അതിക്രമങ്ങളും ബലാല്‍സംഗക്കൊലകളും.

കത്‌വയിലും ഉന്നാവിലും നടത്തിയ ജാതിബലാല്‍സംഗക്കൊലയാണ് ഹാഥ്‌റസിലും ആവര്‍ത്തിച്ചത്. ഇത്തരം ബലാല്‍സംഗങ്ങളെയും കൊലകളെയും കേവലപീഡനങ്ങളുടെ പട്ടികയില്‍പെടുത്താനാവില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരകളുടെ നീതി നിഷേധിക്കുകയും പ്രതികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഗുജറാത്തിലും യുപിയിലും കശ്മീരിലെ കത്‌വയിലും ആവര്‍ത്തിക്കുന്നത് ബലാല്‍സംഗത്തെ സംഘപരിവാര്‍ ആയുധമാക്കുന്നതിനെ ഊട്ടിയുറപ്പിക്കുന്നതാണ്.

സവര്‍ണ വംശീയരാഷ്ട്രീയത്തെ അഡ്രസ് ചെയ്ത്‌കൊണ്ടുള്ള ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെയല്ലാതെ സാമൂഹികനീതി സ്ഥാപിക്കുവാനാവില്ല. ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് യുപിയാണ്. ദലിത് സ്ത്രീകള്‍ക്കെതിരായ പീഡനത്തില്‍ ദേശീയ തലത്തില്‍ 7.3 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യോഗി അധികാരത്തില്‍ വന്നതിനുശേഷം ബലാല്‍സംഗത്തില്‍ 20 ശതമാനം വര്‍ധനവാണ് യുപിയിലുണ്ടായത്.

സ്ത്രീവിരുദ്ധമായ ജാതിമേധാവിത്വ രാഷ്ട്രസങ്കല്‍പം വച്ചുപുലര്‍ത്തുന്ന സംഘപരിവാര്‍, ബലാല്‍സംഗത്തെ വംശഹത്യയുടെ ആയുധമായിക്കാണുന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഹാഥ്‌റസ് ഒരു സൂചകമാണ്. സ്റ്റേറ്റും ക്രിമിനലുകളും ഒന്നാവുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹാഥ്‌റസിലെ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന ഫോറന്‍സിക് റിപോര്‍ട്ടിനെ ചോദ്യംചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുത്ത വാര്‍ത്ത ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി അസൂറ ടീച്ചര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ആബിദ വൈപ്പിന്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി രമണി കൃഷ്ണന്‍കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it