Kerala

കൊയിലാണ്ടിയില്‍ കിണര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

പരിക്കേറ്റ അശോകന്‍ (50), സുരേന്ദ്രന്‍ (55), സുഭാഷ് (35) എന്നിവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊയിലാണ്ടിയില്‍ കിണര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
X

കൊയിലാണ്ടി (കോഴിക്കോട്): കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര റോഡില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണന്‍(60) ആണ് മരിച്ചത്. രാവിലെ 10 മണി മുതല്‍ മണ്ണിനടിയില്‍പെട്ട മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. നാരായണനടക്കം അഞ്ചുപേരായിരുന്നു ജോലിക്കുണ്ടായിരുന്നത്.

രണ്ടുപേര്‍ താഴെയും ബാക്കിയുള്ളവര്‍ മുകളിലുമായി ജോലിചെയ്യുന്നതിനിടെ ഒരുഭാഗം ഇടിയുകയായിരുന്നു. മണ്ണിനടിയിലായ മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. എന്നാല്‍, നാരായണന്റെ മുകളിലേക്ക് ഉയരത്തില്‍ മണ്ണുവീണതിനാല്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അശോകന്‍ (50), സുരേന്ദ്രന്‍ (55), സുഭാഷ് (35) എന്നിവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കിണര്‍ നിര്‍മാണം എട്ടുകോലോളം താഴ്ചയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ശക്തമായ മഴയാവാം മണ്ണിടിച്ചിലിന് കാരണമെന്നാണ് കരുതുന്നത്. അപകടം നടന്നയുടന്‍ തൊട്ടടുത്തുള്ള കൊയിലാണ്ടി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഗീതയാണ് മരിച്ച നാരായണന്റെ ഭാര്യ. മക്കള്‍: നിഖില്‍, വിഷ്ണു.

Next Story

RELATED STORIES

Share it