Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം
X

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗണ്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും മന്ത്രി എം വി ഗോവിന്ദന്റെ മുന്‍ സ്റ്റാഫ് അംഗവുമായ കെ സന്തോഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, മന്ത്രി എം വി ഗോവിന്ദന്റെ പി എ പ്രശോഭ് മൊറാഴ, പി ജയരാജന്റെ ഗണ്‍മാന്‍ എന്നിങ്ങനെ കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പോലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് മര്‍ദ്ദനമേറ്റു. ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ പോലിസിനൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മര്‍ദ്ദിച്ചെന്ന് റിജില്‍ മാക്കുറ്റി വ്യക്തമാക്കി. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ജയ് ഹിന്ദ് ചാനലിന്റെ റിപോര്‍ട്ടറെയും പോലിസ് കസ്റ്റഡിയിലെടുത്ത. പിന്നീട് വിട്ടയക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it