Photo Stories

വര്‍ണവിവേചന വിരുദ്ധ പോരാളി ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ ജീവിതം ചിത്രങ്ങളിലൂടെ

മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്മണ്ട് ടുട്ടുവിന്റേത് ആയിരുന്നു.

വര്‍ണവിവേചന വിരുദ്ധ പോരാളി ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ ജീവിതം ചിത്രങ്ങളിലൂടെ
X

വര്‍ണവിവേചന വിരുദ്ധ സമരനായകനും നൊബേല്‍ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുട്ടുവിനെ നീതിബോധത്തിന്റെ ശബ്ദം എന്ന് വിശേഷിപ്പിച്ചത് സാക്ഷാല്‍ നെല്‍സണ്‍ മണ്ടേലയാണ്. മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്മണ്ട് ടുട്ടുവിന്റേത് ആയിരുന്നു.

ഡെസ്മണ്ട് ടുട്ടു ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം

ദക്ഷിണാഫ്രിക്കയെ വിമോചനത്തിലേക്ക് കൊണ്ടുവന്ന പോരാളിയാണ് വിടവാങ്ങിയതെന്നായിരുന്നു ടുട്ടുവിന്റെ മരണവിവരം പുറത്തുവിട്ട് പ്രസിഡന്റ് സിറില്‍ റാംഫോസെ അനുസ്മരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരിക്കെ ഞായറാഴ്ച രാവിലെ കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കറുത്തവര്‍ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പാണ് ടുട്ടു.

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ബുദ്ധമത നേതാവ് ദലൈലാമയോട് തമാശ പങ്കിടുന്ന ഡെസ്മണ്ട് ടുട്ടു

1931 ഒക്ടോബര്‍ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ടുട്ടുവിന്റെ ജനനം. സഖറിയ സിലിലിയോ ടുട്ടു-അലെറ്റാ ദമ്പതികളുടെ മൂന്ന മക്കളില്‍ രണ്ടാമനായിരുന്നു ഡെസ്മണ്ട് ടുട്ടു.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിലെ ചടങ്ങില്‍ ഭാര്യ ലിയയ്‌ക്കൊപ്പം

വിദ്യാഭ്യാസകാലത്ത് ഒരു ഡോക്ടറായിത്തീരാനായിരുന്നു ഡെസ്മണ്ട് ആഗ്രഹിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം ആ സ്വപ്‌നം ഉപേക്ഷിച്ചു. തുടര്‍ന്ന് പിതാവിനെ പോലെ ഒരു അധ്യാപകനായി തീരാന്‍ തീരുമാനിച്ചു. വര്‍ണ്ണവിവേചനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളുടേയും നടുവിലായിരുന്നു ഡെസ്മണ്ടിന്റേയും ജീവിതം.

ഡെസ്മണ്ട് ടുട്ടു ജെറുസലേമിലെ ഖുബ്ബത്തു സഹ്‌റ സന്ദര്‍ശിച്ചപ്പോള്‍

പ്രിട്ടോറിയ ബന്ദു കോളജിലാണ് ഡെസ്മണ്ട് ഉപരിപഠനത്തിനായി ചേര്‍ന്നത്. അതോടൊപ്പം തന്നെ ജോഹന്നസ്ബര്‍ഗിലുള്ള ഒരു സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. പിന്നീട് അധ്യാപകജോലി രാജിവെച്ച് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. 1960ല്‍ ജോഹന്നസ്ബര്‍ഗിലെ സെന്റ് പീറ്റേഴ്‌സ് കോളജില്‍ നിന്നും ദൈവികശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം പുരോഹിതനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.1976ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വര്‍ണ്ണവിവേചനത്തിനെതിരേയുള്ള സമരത്തില്‍ പങ്കാളിയാവാന്‍ ഡെസ്മണ്ട് തീരുമാനിച്ചത്.

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ടുട്ടുവിനൊപ്പം

1976 മുതല്‍ 1978 വരെ സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രൈസ്തവദേവാലയങ്ങളുടെ ഈ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വര്‍ണ്ണവിവേചനത്തിനെതിരേ പോരാടാന്‍ തീരുമാനിച്ചു. തന്റെ പ്രസംഗങ്ങളിലൂടെയും രചനകളിലൂടേയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.

ഭാര്യയ്‌ക്കൊപ്പം ചൈനീസ് വന്‍ മതിലില്‍

കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി എന്നും ശബ്ദമുയര്‍ത്തി. ദാരിദ്ര്യം, എയ്ഡ്‌സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ടായി.

1986 മെയ് 28ന് ന്യൂയോര്‍ക്കിലെ സിറ്റി ഹാളില്‍ ഒരു ജനക്കൂട്ടത്തോട് സംസാരിക്കുന്ന ടുട്ടു.

1984ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഡെസ്മണ്ട് ടുട്ടുവിനെ തേടിയെത്തി.ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ നോബല്‍ സമ്മാനജേതാവാണ് അദ്ദേഹം. വര്‍ണവിവേചനത്തിനെതിരായി സധൈര്യം ശബ്ദമുയര്‍ത്തിയ ആംഗ്ലിക്കന്‍ ബിഷപ്പായിരുന്ന ട്രെവര്‍ ഹഡില്‍സ്റ്റന്റെ ജീവിതം ടുട്ടുവിനെ ഏറെ സ്വാധീനിച്ചിരുന്നു.

നൊബേല്‍ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവര്‍ത്തനത്തിനുള്ള ആല്‍ബര്‍ട്ട് ഷ്വിറ്റ്‌സര്‍ സമ്മാനം,ഗാന്ധി സമാധാന സമ്മാനം (2005), പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it