Thejas Special

ധനരാജിന്റെ കടംവീട്ടുമെന്ന് പാര്‍ട്ടി പറയുമ്പോഴും അകൗണ്ടിലുള്ളത് 26000 രൂപ മാത്രം

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ധനരാജിന്റെ കടം തിരിച്ചടക്കാനുള്ള കാശ് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് പാര്‍ട്ടി അത് നേരത്തെ ചെയ്തില്ല എന്ന ചോദ്യം അണികളില്‍ നിന്ന് കഴിഞ്ഞ ലോക്കല്‍ ജനറല്‍ ബോഡികളില്‍ ഉയര്‍ന്നിരുന്നു.

ധനരാജിന്റെ കടംവീട്ടുമെന്ന് പാര്‍ട്ടി പറയുമ്പോഴും അകൗണ്ടിലുള്ളത് 26000 രൂപ മാത്രം
X

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അരുംകൊല ചെയ്ത സിപിഎം നേതാവ് ധനരാജിന്റെ കുടുംബ സഹായ ഫണ്ടിന് വേണ്ടി തുടങ്ങിയ ജോയിന്റ് അകൗണ്ടില്‍ നിലവിലുള്ളത് 26000 രൂപ മാത്രമെന്ന് റിപോര്‍ട്ട്. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയ്ന്‍ ബ്രാഞ്ചിലാണ് ടി ഐ മധുസൂദനന്‍ എംഎല്‍എയുടേയും സംഘടനാവിരുദ്ധ നടപടിക്ക് പുറത്തായ മുന്‍ ഏരിയാ സെക്രട്ടറി കെ പി മധുവിന്റേയും പേരില്‍ ധനരാജ് രക്തസാക്ഷി സഹായ ഫണ്ടിനായുള്ള ജോയിന്റ് അകൗണ്ട് തുടങ്ങിയത്. ഒരു കോടിയോളം രൂപയാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് അണികളില്‍ നിന്ന് പിരിച്ചെടുത്തത്.

കുടുംബത്തിന് വീടുണ്ടാക്കാന്‍ ചെലവാക്കിയ 25 ലക്ഷത്തോളം രൂപയും, ധനരാജിന്റെ ഭാര്യയുടെയും 2 മക്കളുടെയും പേരില്‍ 5 ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപവും, അമ്മയുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ചെയ്ത ശേഷം ബാക്കി 42 ലക്ഷം രൂപ ടി ഐ മധുസൂദനന്റേയും കെ പി മധുവിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചിരുന്നു. എന്നാല്‍ പുറത്തുവരുന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം വെറും ഇരുപത്തിയാറായിരം രൂപ മാത്രമാണ് അകൗണ്ടിലുള്ളത്. 42 ലക്ഷം രൂപയും സ്ഥിരം നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തിലെ 5 ലക്ഷം രൂപയും ആണ് നേതാക്കള്‍ പിന്‍വലിച്ചത്. ഈ 47 ലക്ഷം രൂപ പാര്‍ട്ടി അറിയാതെ പിന്‍വലിച്ചുവെന്നാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വി കുഞ്ഞിക്കൃഷ്ണന്‍ പരാതി നല്‍കിയത്.

സംഭവം വിവാദമാവുകയും പ്രവര്‍ത്തകരും അണികളും പരസ്യമായി പ്രതികരിക്കാനും തുടങ്ങിയതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ജൂണ്‍ 20 ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തന്നെ വിശദീകരണ കുറിപ്പുമായി പുറത്തുവന്നത്. ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല, ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സിപിഎമ്മിനില്ലെന്നും ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ 26000 രൂപയില്‍ നിന്ന് എങ്ങിനെ ഇത്രയും വലിയ തുകയുടെ കടബാധ്യത തീര്‍ക്കുമെന്ന സാമാന്യ ജനങ്ങളുടെ സംശയമാണ് അണികളില്‍ നിന്നുയരുന്നത്.

ധനരാജിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും പേരില്‍ പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് വായ്പകളാണ് നിലവിലുള്ളത്. 24.02.2014 നാണ് ധനരാജ് സി വിയുടെ പേരില്‍ 294966 രൂപ ലോണ്‍ എടുത്തത്. 24.02.2019 ഓടെ ലോണ്‍ കാലാവധി കഴിയുകയും ചെയ്തു. 368095 പലിശയടക്കം ഇനി തിരിച്ചടയ്ക്കാനുള്ളത് 6,63,061 രൂപയാണ്. 02.12.2014 നാണ് സജിനി എന്‍ വിയുടെ പേരില്‍ 3,49,980 ലോണും ഇതേ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്. ഇതിന്റെ കാലാവധി 02.12.2019 ന് അവസാനിച്ചിരുന്നു. 4,05,494 രൂപ പലിശയടക്കം ഇന്നത് 7,55,476 രൂപയായി. രണ്ട് വായ്പയും കൂടി 14,18,537 രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ധനരാജിന്റെ കടം തിരിച്ചടക്കാനുള്ള കാശ് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് പാര്‍ട്ടി അത് നേരത്തെ ചെയ്തില്ല എന്ന ചോദ്യം അണികളില്‍ നിന്ന് കഴിഞ്ഞ ലോക്കല്‍ ജനറല്‍ ബോഡികളില്‍ ഉയര്‍ന്നിരുന്നു. വിഷയം വാര്‍ത്ത ആയത് കൊണ്ട് മാത്രം ഇപ്പോള്‍ ധനരാജിന്റെ കടങ്ങള്‍ വീട്ടാന്‍ പാര്‍ട്ടി തീരുമാനിച്ചതിലും അണികള്‍ക്ക് വ്യാപക പരാതിയുണ്ട്. പയ്യന്നൂര്‍ കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കില്‍ ധനരാജിന്റെ പേരിലുള്ള കടം നേരത്തെ രക്തസാക്ഷി ഫണ്ടില്‍ നിന്നും കൊടുത്തു തീര്‍ത്തതാണ്. ആ സമയത്തു തന്നെ പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അവശേഷിക്കുന്ന 15 ലക്ഷത്തിന്റെ കട ബാധ്യതയും ഫണ്ടില്‍ നിന്നെടുത്തു വീട്ടാന്‍ തീരുമാനിച്ചിരുന്നു എങ്കിലും പാര്‍ട്ടി എന്ത് കൊണ്ട് അത് ചെയ്തിരുന്നില്ലെന്നത് സംശയാസ്പദമാണ്.

അതേസമയം കണക്കുകള്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിജീഷ് കുന്നരു, രമേശന്‍ കരിവെള്ളൂര്‍, എം ആനന്ദന്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയെങ്കിലും വിജീഷ് കുന്നരുവും രമേശന്‍ കരിവെള്ളൂരും ഈ ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം. ഇന്ന് ചേര്‍ന്ന സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന കണക്ക് വച്ചെങ്കിലും ഭൂരിപക്ഷവും ഈ കണക്കിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടി ഭരണഘടനയിലെ കേന്ദ്രീകൃത ജനാധിപത്യ തത്വത്തിന്റെ ഭാഗമായി ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിര്‍മാണ ഫണ്ട്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവയുടെ കണക്കുകള്‍ ബ്രാഞ്ച് യോഗങ്ങളില്‍ വിശദീകരിക്കുന്നതിനു മുന്നോടിയായാണ് ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേര്‍ന്നത്.

ഫണ്ട് തിരിമറിയില്‍ നേതാക്കള്‍ക്ക് എതിരെ എടുത്ത അച്ചടക്ക നടപടികളും ബ്രാഞ്ചുകളില്‍ വിശദീകരിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ യഥാസമയം അവതരിപ്പിക്കുന്നതിലെ ജാഗ്രതക്കുറവാണു വീഴ്ചയ്ക്കു കാരണമായതെന്നും വിശദീകരിക്കാന്‍ ആരോപണ വിധേയര്‍ മുന്നോട്ടുവച്ച കണക്കാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. കണക്കിലെ പൊരുത്തക്കേടുകളും വകമാറ്റലുകളും മറ്റു ക്രമക്കേടുകളും തെളിവുകളും രേഖകളും സഹിതം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പരാതിക്കൊപ്പം ജില്ലാ നേതൃത്വത്തിനു നല്‍കിയിരുന്നെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, ജില്ലാ നേതൃത്വത്തിന്റെ അറിവോടെ കണക്കുകളുടെ രേഖകള്‍ ശേഖരിച്ചതടക്കം അച്ചടക്ക ലംഘനമായി കണ്ടായിരുന്നു വി കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും നിക്കിയത്.

Next Story

RELATED STORIES

Share it