World

ചൈനയില്‍ ഓയില്‍ ട്രക്ക് പൊട്ടിത്തെറിച്ചു; 10 മരണം, 117 പേര്‍ക്ക് പരിക്ക്

ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളും ഫാക്ടറികളുമെല്ലാം തകര്‍ന്നു. ദേശീയപാതയില്‍ നിരവധി വാഹനങ്ങള്‍ക്കും തീപ്പിടിച്ചു.

ചൈനയില്‍ ഓയില്‍ ട്രക്ക് പൊട്ടിത്തെറിച്ചു; 10 മരണം, 117 പേര്‍ക്ക് പരിക്ക്
X

ബെയ്ജിങ്: ചൈനയില്‍ ദേശീയപാതയില്‍ ഓയില്‍ ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. 117 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളും ഫാക്ടറികളുമെല്ലാം തകര്‍ന്നു. ദേശീയപാതയില്‍ നിരവധി വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. കിഴക്കന്‍ പ്രവിശ്യയായ സെജിയാങ്ങിലെ വെന്‍ലിങ് നഗരത്തിന് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നിരവധി വാഹനങ്ങള്‍ക്കടക്കം തീപ്പിടിച്ചതിനാല്‍ അന്തരീക്ഷയില്‍ കറുത്ത പുക നിറഞ്ഞ അവസ്ഥയായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വായുവിലേക്ക് ഉയരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടാങ്കറിന്റെ അവശിഷ്ടങ്ങളും ടയറുകളും ചിതറിത്തെറിച്ചുകിടക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അപകടത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പോലിസിന്റെ നിര്‍ദേശപ്രകാരം ഹൈവേയിലേക്കുള്ള പാതകളെല്ലാം അടച്ചിരിക്കുകയാണ്. ഗതാഗതനിയമലംഘനങ്ങള്‍ വ്യാപകമായി നടക്കുന്ന ചൈനയില്‍ റോഡപകടങ്ങള്‍ സാധാരണമാണെന്നാണ് റിപോര്‍ട്ടുകള്‍. ഔദ്യോഗിക റിപോര്‍ട്ടുകള്‍പ്രകാരം 2015 ല്‍ മാത്രം രാജ്യത്തൊട്ടാകെയുള്ള അപകടങ്ങളില്‍ 58,000 പേര്‍ കൊല്ലപ്പെട്ടു. 90 ശതമാനം അപകടങ്ങള്‍ക്കും കാരണം ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it