World

ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും

ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും
X

ടെഹ്‌റാന്‍: സിറിയയിലെ ഇറാന്‍ നയതന്ത്ര സംഘത്തിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയുമായി അയല്‍രാജ്യങ്ങളായ ഖത്തറും കുവൈത്തും. ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ വ്യോമാതിര്‍ത്തികളും വ്യോമതാവളങ്ങളും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയതായി പ്രസ്സ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരായ ഏതെങ്കിലും തരത്തിലുള്ള വ്യോമാക്രമണങ്ങള്‍ നടത്താന്‍ തങ്ങളുടെ അതിര്‍ത്തികളും വ്യോമതാവളങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഇരു രാജ്യങ്ങളും അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ഖത്തറിലും കുവൈത്തിലുമുള്ള യു.എസിന്റെ വ്യോമതാവളങ്ങളും ഇറാനെതിരായ ആക്രണമങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ മേഖലയിലെ യു.എസിന്റെ ഏറ്റവും വലിയ വ്യോമതാവളമാണ് ഖത്തറിലെ അല്‍ ഉദെയ്ദ് എയര്‍ബേസ്. കുവൈറ്റിലെ അലി അല്‍ സലിം എയര്‍ബേസ്, അഹമ്മദ് അല്‍ ജാബര്‍ എയര്‍ബേസ് എന്നിവിടങ്ങളിലും യു.എസിന്റെ വ്യോമതാവളങ്ങളുണ്ട്. ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനാകില്ലെന്നാണ് ഇരു രാജ്യങ്ങളും യു.എസിനെ അറിയിച്ചിട്ടുള്ളത്. ഇറാനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങളില്‍ നിന്ന് മുന്നറിയിപ്പുണ്ടായ സാഹചര്യത്തിലാണ് ഇറാന്റെ അയല്‍ക്കാരായ രണ്ട് അറബ് രാജ്യങ്ങളുടെ ഈ നിലപാട്.

ഏപ്രില്‍ ഒന്നിനാണ് സിറിയയിലെ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഇതിന്റെ തിരിച്ചടിയായി ഇന്നലെ ഇസ്രായേലിന്റെ ഒരു ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഡ്രോണ്‍ ആക്രമണങ്ങളുമുണ്ടായി.



Next Story

RELATED STORIES

Share it