World

മാസ്‌ക് ധരിച്ചില്ല: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് യാത്രക്കാരനെ പുറത്താക്കി

ന്യൂയോര്‍ക്കില്‍നിന്ന് ഡാലസിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച 1263ാം നമ്പര്‍ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ കയറിയ യുവാവ് മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു.

മാസ്‌ക് ധരിച്ചില്ല: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് യാത്രക്കാരനെ പുറത്താക്കി
X

വാഷിങ്ടണ്‍: മാസ്‌ക്സ് ധരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യാത്രക്കാരനെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് പുറത്താക്കി. കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിമാനക്കമ്പനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. ബ്രാന്‍ഡണ്‍ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തില്‍നിന്ന് പുറത്താക്കിയത്. അമേരിക്കന്‍ എയര്‍ലൈന്‍സ് പിന്നീട് ഇയാളെ വിലക്കുകയും ചെയ്തു. ബ്രാന്‍ഡണ്‍ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരേ ആരോപണമുന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്പനി ഇത് ശരിവയ്ക്കുകയായിരുന്നു.

ന്യൂയോര്‍ക്കില്‍നിന്ന് ഡാലസിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച 1263ാം നമ്പര്‍ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ കയറിയ യുവാവ് മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ ഇദ്ദേഹത്തോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ നിയമമൊന്നുമില്ലെന്നായിരുന്നു യാത്രക്കാരന്റെ നിലപാട്. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടുന്നത് ആദ്യത്തെ സംഭവമാണെന്ന് സ്ട്രാക്കാ പിന്നീട് ട്വീറ്റ് ചെയ്തു. ഇതൊരു ഫെഡറല്‍ നിയമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ശരിവെച്ചുകൊണ്ട് പിന്നീട് വിമാനക്കമ്പനിയും വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ ചെവികൊണ്ടില്ലെന്നും അതിനാല്‍ ഇയാളെ വിമാനത്തില്‍നിന്നും വിലക്കുന്നുവെന്നുമായിരുന്നു വിമാനക്കമ്പനിയുടെ വിശദീകരണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എല്ലാ വിമാനക്കമ്പികളും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it