World

മുസ്‌ലിംവിരുദ്ധ പരാമര്‍ശം: ഓസിസ് സെനറ്ററെ മുട്ടയെറിഞ്ഞ 'എഗ്ഗ് ബോയി'ക്ക് വന്‍ പിന്തുണ

പ്രധാന ക്രിമിനല്‍ വക്കീലായ ആദം ഹൌഡ കേസ് വാദിക്കാന്‍ രംഗത്തെത്തുകയും ചെയ്തു

മുസ്‌ലിംവിരുദ്ധ പരാമര്‍ശം: ഓസിസ് സെനറ്ററെ മുട്ടയെറിഞ്ഞ എഗ്ഗ് ബോയിക്ക് വന്‍ പിന്തുണ
X

മെല്‍ബണ്‍: മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ലോകമാകെ അപലപിക്കുന്നതിനിടെ മുസ്‌ലിം കുടിയേറ്റത്തെ വിമര്‍ശിച്ച ആസ്‌ട്രേലിയന്‍ സെനറ്ററുടെ തലയ്ക്ക് മുട്ടയെറിഞ്ഞ യുവാവിനു സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണ. സെനറ്റര്‍ ഫ്രൈസര്‍ ആനിങിന്റെ തലയ്ക്കു മുട്ടയെറിഞ്ഞ 17കാരനായ വില്‍ കാണലിയെ പിന്തുണയ്ക്കുകയും നിയമനടപടികള്‍ക്കായി ഫണ്ട് ശേഖരിക്കാനും ചെയ്ത് അഭിഭാഷകര്‍ മുതല്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കു വേണ്ടി സ്വരൂപിച്ച പണം ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നു കൂടി പറഞ്ഞതോടെ ആരാധകരുടെ എണ്ണം മണിക്കൂറുകള്‍ക്കകം ഇരട്ടിക്കുകയാണ്.


വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശം നടത്തിയതിനാലാണ് കൗമാരക്കാരന്‍ സെനറ്ററെ ആക്രമിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വില്‍ കാണലിക്ക് വേണ്ടി മിനിട്ടുകള്‍ക്കകം തന്നെ ഓണ്‍ലൈനില്‍ ഫണ്ട് ശേഖരണം തുടങ്ങുകയും ചെയ്തു. ഇതിനു പുറമെ സെനറ്ററുടെ തലയില്‍ മുട്ടയുടക്കുന്ന ചിത്രം തെരുവുകളിലും ന്യൂസിലാന്റിലെ പല പ്രധാന സ്ഥലങ്ങളിലും മ്യൂറല്‍ പെയിന്റിങ്ങുകളായും അതിവേഗം പ്രത്യക്ഷപ്പെട്ടു. കൗമാരക്കാരനെ പിന്തുണച്ച് ലക്ഷക്കണക്കിന് പേര്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും രംഗത്തെത്തി. പ്ലക്കാര്‍ഡുകളേന്തി പ്രകടനവും നടത്തി. പ്രധാന ക്രിമിനല്‍ വക്കീലായ ആദം ഹൌഡ കേസ് വാദിക്കാന്‍ രംഗത്തെത്തുകയും ചെയ്തു. വില്‍ കാണലിക്ക് വേണ്ടി 30 ലക്ഷത്തിലേറെ രൂപ ദിവസങ്ങള്‍ക്കകം സമാഹരിച്ചിട്ടുണ്ട്. ഈ തുകയെല്ലാം ക്രൈസ്റ്റ് ചര്‍ച്ചില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് യുവാവ് അറിയിച്ചു. സെനറ്റര്‍ ആനിങിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവാനാണ് വില്‍ കാണലിയുടെ അഭിഭാഷകന്റെ തീരുമാനം. ആനിങിന്റെ പരാമര്‍ശത്തിനെതിരെ ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ജനം തെരുവിലിറങ്ങി. ഇത്തരക്കാര്‍ക്ക് ആസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നും സെനറ്ററെ സര്‍ക്കാര്‍ ശാസിക്കുമെന്നും ഓസിസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിമര്‍ശനവുമായി ട്വിറ്ററില്‍ കുറിച്ചു. ആനിങിനെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പേര്‍ ഒപ്പിടുകയും ചെയ്തു. ക്വീന്‍സ്‌ലാന്റ് സെനറ്ററായ വലതുപക്ഷ സ്വതന്ത്രന്‍ ഫ്രൈസര്‍ ആനിങ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് 'താങ്കളൊരു വംശീയവാദിയാണ്' എന്നു വിളിച്ചുപറഞ്ഞ് യുവാവ് മുട്ടയെറിഞ്ഞത്. ആക്രമണത്തില്‍ രോഷാകുലനായ ആനിങ് യുവാവിനെ മുഖത്തടിക്കുന്നതും അനുനുയായികള്‍ കീഴ്‌പ്പെടുത്തി തൂക്കിയെടുത്ത് കൊണ്ടുപോവുകയുമായിരുന്നു.







Next Story

RELATED STORIES

Share it