World

വിമതര്‍ക്ക് യുഎഇ പിന്തുണ നല്‍കുന്നത് നിര്‍ത്താന്‍ സൗദി ഇടപെടണമെന്ന് യമന്‍ പ്രസിഡന്റ്

വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലി(എസ്ടിസി)നെ പിന്തുണച്ച് സര്‍ക്കാര്‍ സൈന്യത്തിന് നേരെ യുഎഇ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

വിമതര്‍ക്ക് യുഎഇ പിന്തുണ നല്‍കുന്നത് നിര്‍ത്താന്‍ സൗദി ഇടപെടണമെന്ന് യമന്‍ പ്രസിഡന്റ്
X

സന്‍ആ: ഏദന്‍ നഗരത്തിന്റെ നിയന്ത്രണത്തിന് വേണ്ടി ശ്രമിക്കുന്ന തെക്കന്‍ വിഘടനവാദികള്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഇടപെടണമെന്ന് യമന്‍ പ്രസിന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി. വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലി(എസ്ടിസി)നെ പിന്തുണച്ച് സര്‍ക്കാര്‍ സൈന്യത്തിന് നേരെ യുഎഇ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

യമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള പ്രസിഡന്റായ ഹാദിയുടെ സേനയും എസ്ടിസി പോരാളികളും ആഴ്ച്ചകളായി തുടരുന്ന പോരാട്ടം യമനില്‍ പുതിയൊരു യുദ്ധമുഖം കൂടി തുറന്നിട്ടുണ്ട്. ഹൂഥികള്‍ക്കെതിരായ സൗദി-യുഎഇ സഖ്യസേനയുടെ നീക്കത്തിന് അടുത്ത കാലം വരെ പിന്തുണ നല്‍കിയിരുന്നവരായിരുന്നു ഇരുവിഭാഗവും.

ഏദനിലും സമീപപ്രദേശങ്ങളിലും അബ്യാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സിന്‍ജിബാറിലും യുഎഇ നടത്തിയ വ്യമോക്രാമണത്തില്‍ 40ഓളം പോരാളികള്‍ കൊല്ലപ്പെടുകയും 70 സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്നലെ യമന്‍ വാര്‍ത്താവിനിമയ മന്ത്രി മുഅമ്മര്‍ അല്‍അരിയാനി പറഞ്ഞിരുന്നു. യുഎഇ വ്യോമാക്രമണത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടതായി യമന്‍ പ്രതിരോധ മന്ത്രിയും അറിയിച്ചിരുന്നു.

യുഎഇ പിന്തുണയുള്ള എസ്ടിസി സായുധര്‍ യമന്റെ ഭരണഘടനാപരമായ സാധുതയെ തകര്‍ക്കുന്ന രീതിയില്‍ വിമത പ്രവര്‍ത്തനം നടത്തുകയാണെന്ന് ഇപ്പോള്‍ സൗദിയില്‍ കഴിയുന്ന ഹാദി ആരോപിച്ചു. രാജ്യത്തെ വിഭജിക്കാന്‍ യുഎഇയുടെ ആയുധങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. ഈ കടന്നുകയറ്റത്തെ നിയന്ത്രിക്കാന്‍ സൗദി അറേബ്യ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഏദന്‍ വിമാനത്താവളത്തില്‍ സഖ്യസേനയെ ആക്രമിച്ച ഭീകര സംഘടനാ അംഗങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

2015ല്‍ ഹൂത്തികള്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്ത ശേഷം ഏദന്‍ ആസ്ഥാനമായാണ് ഹാദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആഗസ്ത് 10ന് എസ്ടിസി കൈക്കലാക്കിയ ഏദന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ബുധനാഴ്ച്ച സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, നിയന്ത്രണം വീണ്ടും തങ്ങള്‍ പിടിച്ചെടുത്തതായി എസ്ടിസി വ്യാഴാഴ്ച്ച അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it