World

ആറുമാസത്തിനുശേഷം ആദ്യ കൊവിഡ് കേസ്; രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്റ്

ആറുമാസത്തിനുശേഷം ആദ്യ കൊവിഡ് കേസ്; രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്റ്
X

വെല്ലിങ്ടണ്‍: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി ന്യൂസിലന്റ്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് 50 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന്യൂസിലന്റ്. അതുകൊണ്ടുതന്നെയാണ് ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ചൊവ്വാഴ്ച രാത്രി മുതല്‍ മൂന്നുദിവസത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലന്റിലെ വലിയ നഗരമായ ഓക്ക്‌ലാന്റിലാണ് വാക്‌സിന്‍ സ്വീകരിക്കാത്ത 58 വയസ്സുള്ള പുരുഷനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ പോയിരുന്നുവെന്നും ആരോഗ്യഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലുംഫീല്‍ഡ് പറഞ്ഞു.

ഓക്ക്‌ലാന്റും ഇയാള്‍ യാത്ര ചെയ്ത കൊറമണ്ഡല്‍ ഉപദ്വീപും ഒരാഴ്ചത്തേക്ക് ലെവല്‍ നാല് ലോക്ക് ഡൗണിലായിരിക്കും. വൈറസ് സ്ഥിരീകരിച്ചത് വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണെന്നാണ് അനുമാനമെന്നും സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും ലെവല്‍ നാല് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ ചൊവ്വാഴ്ച പറഞ്ഞു. ആറ് മാസമായി സമൂഹത്തില്‍ വൈറസുകളൊന്നും ന്യൂസിലന്റില്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ല. കര്‍ശന വ്യവസ്ഥകളോടെയാണ് ന്യൂസിലന്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാവരും വീട്ടിനുള്ളില്‍തന്നെ കഴിയണമെന്നും സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടകളും അടച്ചിടണം. ഡെല്‍റ്റ വകഭേദം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഒടുവിലത്തെ രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ഈ സാഹചര്യം നേരിടുന്നതില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അവര്‍ പറഞ്ഞു. 3000 ന് താഴെ ആളുകള്‍ക്ക് മാത്രമാണ് ന്യൂസിലന്റില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. മരണപ്പെട്ടത് 26 പേര്‍ മാത്രവും.

അതിര്‍ത്തികള്‍ അടച്ചിട്ടും പുറത്തുനിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കിയുമാണ് ന്യൂസിലന്റ് കൊവിഡിനെ പ്രതിരോധിച്ചത്. ഇതിന് ന്യൂസിലന്റ് വലിയ തോതില്‍ പ്രശംസയും നേടി. അതേസമയം, രാജ്യത്തെ വാക്‌സിനേഷന്റെ കണക്ക് കുറവാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് പൂര്‍ണമായി കുത്തിവയ്പ്പ് നല്‍കിയത്. അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് ആസ്‌ത്രേലിയയുടെ നിലവിലെ പ്രതിസന്ധിയാണ് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചത്. നേരത്തെ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട അയല്‍രാഷ്ട്രമായ ആസ്‌ത്രേലിയയില്‍ ഏതാനും ആഴ്ചകളായി ഡെല്‍റ്റ വ്യാപനം രൂക്ഷമാണ്. ആസ്‌ത്രേലിയയുടെ ജനസംഖ്യയില്‍ പകുതിയും നിലവില്‍ ലോക്ക് ഡൗണിന്റെ പിടിയിലാണ്.

Next Story

RELATED STORIES

Share it