World

ലെബനാനിലെ പേജര്‍ സ്‌ഫോടനം; പേജറുകള്‍ നിര്‍മ്മിച്ചത് യൂറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍: തായ്‌വാന്‍ കമ്പനി

ലെബനനില്‍ എത്തുന്നതിന് മുമ്പായിട്ടാണ് അട്ടിമറി നടന്നിരിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ലെബനാനിലെ പേജര്‍ സ്‌ഫോടനം; പേജറുകള്‍ നിര്‍മ്മിച്ചത് യൂറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍: തായ്‌വാന്‍ കമ്പനി
X

ന്യൂഡല്‍ഹി: ലെബനനില്‍ നടന്ന പേജര്‍ സ്‌ഫോടനത്തില്‍ ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന വിശദീകരണവുമായി തായ്‌വാന്‍ കമ്പനി. ഗോള്‍ഡ് അപ്പോളോയെന്ന തയ്‌വാന്‍ കമ്പനിക്ക് വേണ്ടി പേജറുകള്‍ വിതരണം ചെയ്തത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന വിശദീകരണമാണ് തായ്‌വാനീസ് കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ നല്‍കിയിരിക്കുന്നത്.

ലെബനാനില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ പ്രകാരം ഗോള്‍ഡ് അപ്പോളോ കമ്പനിയാണ് പേജറുകള്‍ നിര്‍മിച്ചത്. എന്നാല്‍, കമ്പനിയുടെ ചെയര്‍പേഴ്‌സണായ ഹസു ചിങ്-കുനാങ് പറയുന്നത് പ്രകാരം യുറോപ്യന്‍ ഡിസ്ട്രബ്യൂട്ടറുമായി തയ്‌വാന്‍ കമ്പനിക്ക് കരാറുണ്ട്. അവര്‍ക്ക് ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പാണ് ഈ കമ്പനിയുമായി കരാറുണ്ടാക്കിയത്. ആദ്യഘട്ടത്തില്‍ ഗോള്‍ഡ് അപ്പോളോയുടെ പേജര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയില്‍ പേജര്‍ ഉണ്ടാക്കണമെന്നും ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് പേര് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് അനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തയ്‌വാനില്‍ നിന്നും ലെബനാനിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ പേജറുകള്‍ കയറ്റി അയച്ചതിന്റെ രേഖകളില്ലെന്ന് മുതിര്‍ന്ന തായ്‌വാനീസ് സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തയ്‌വാന്‍ ഇതുവരെ 260,000 പേജറുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും യു.എസിലേക്കും ആസ്‌ട്രേലിയയിലേക്കുമാണ്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍തന്നെയാണെന്ന് ഹിസ്ബുല്ല പ്രതികരിച്ചിരുന്നു.

ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുല്ല പേജറിനെ ആശ്രയിക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍.

ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്വാന്‍ നിര്‍മിത പേജറുകളില്‍ മൂന്ന് ഗ്രാം വീതം സ്ഫോടനക വസ്തു മൊസാദ് ഒളിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥരും വിദഗ്ധരും പറയുന്നു. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്നാണ് ഹിസ്ബുല്ലപേജറുകള്‍ വാങ്ങിയത്. ഇവ ലെബനനില്‍ എത്തുന്നതിന് മുമ്പായിട്ടാണ് അട്ടിമറി നടന്നിരിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള ഒരട്ടിമറിയാണ് ഹിസ്ബുല്ലയും പറയുന്നത്.

ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.45 ഓടെയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്ഫോടന പരമ്പര അരങ്ങേറിയത്.പടക്കങ്ങളും വെടിയൊച്ചകളും പോലെ ചെറിയ സ്ഫോടന ശബ്ദങ്ങള്‍ ഉയരുന്നതിന് മുമ്പ് ആളുകളുടെ പോക്കറ്റുകളില്‍ നിന്ന് പുക ഉയുരുന്നതാണ് ആദ്യം കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കടയില്‍ നില്‍ക്കുന്ന ഒരാളുടെ ട്രൗസര്‍ പോക്കറ്റ് പൊട്ടിത്തെറിക്കുന്നതായുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പ്രാരംഭ സ്ഫോടനം കഴിഞ്ഞ് ഒരു മണിക്കൂറോളം സ്ഫോടന പരമ്പര തുടര്‍ന്നതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താമസിയാതെ ലെബനന്റെ വിവിധ ആശുപത്രികളില്‍ സമാനമായ പരിക്കുകളോടെ ആളുകള്‍ എത്തി തുടങ്ങിയത് അധികൃതരില്‍ പരിഭ്രാന്തി പരത്തി.




Next Story

RELATED STORIES

Share it