World

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം: വിഖ്യാത 'ടാങ്കര്‍ മാന്‍' ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ അന്തരിച്ചു

ടിയാനെന്‍മെന്‍ സ്‌ക്വയറിലെ 'ടാങ്ക് മാന്‍' എന്ന പേരില്‍ അറിയപ്പെട്ട ചിത്രം പകര്‍ത്തിയ ചാര്‍ലി കോള്‍ ആണ് 64ാം വയസ്സില്‍ ഇന്തോനീസ്യയിലെ ബാലിയിലെ മരണപ്പെട്ടത്.

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം: വിഖ്യാത ടാങ്കര്‍ മാന്‍ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ അന്തരിച്ചു
X

ജക്കാര്‍ത്ത: ചൈനീസ് ഭരണകൂടത്തിനെതിരേ വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രക്ഷോഭം നേരിടാനെത്തിയ പട്ടാള ടാങ്കറിനു മുന്നില്‍ ധീരതയോടെ ചെറുത്തുനിന്ന യുവാവിന്റെ വിഖ്യാത ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ അന്തരിച്ചു. ടിയാനെന്‍മെന്‍ സ്‌ക്വയറിലെ 'ടാങ്ക് മാന്‍' എന്ന പേരില്‍ അറിയപ്പെട്ട ചിത്രം പകര്‍ത്തിയ ചാര്‍ലി കോള്‍ ആണ് 64ാം വയസ്സില്‍ ഇന്തോനീസ്യയിലെ ബാലിയിലെ മരണപ്പെട്ടത്. കോളിന്റെ ചിത്രത്തിന് 1990ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരമ്പിയെത്തിയ യുദ്ധടാങ്കുകള്‍ക്ക് മുന്നില്‍ വെളുത്ത കുപ്പായമിട്ട്, മരണം വരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിദ്യാര്‍ത്ഥിയാണു ചിത്രത്തിലുണ്ടായിരുന്നത്. ടാങ്കറുകളുടെ മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് പ്രതിരോധിച്ച യുവാവ് ആദ്യ ടാങ്കിനുമുകളില്‍ ചാടിക്കയറി സൈനികനുമായി തര്‍ക്കിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മാധ്യമ നിരോധനം കര്‍ശനമായിരുന്ന ചൈനയില്‍ നിന്ന് അതിസാഹസികമായി സൈന്യത്തിന്റെ കണ്ണുവെട്ടിച്ചാണ് 1989 ജൂണ്‍ 5നു കോള്‍ ചിത്രം പകര്‍ത്തിയത്. ടിയാനന്‍മെന്‍ സ്‌ക്വയറിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ചാന്‍ഗന്‍ അവന്യൂവിനടുത്താണ് സംഭവം നടന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ടൈപ്പ് 59 ടാങ്കുകള്‍ക്കു മുന്നില്‍ വിരിമാറ് കാട്ടി ചെറുത്തുനിന്ന് കലഹിച്ച ആ അജ്ഞാത വ്യക്തി ആരാണെന്ന് ഇന്നും ലോകത്തിനറിയില്ല. അതുകൊണ്ട് തന്നെ ടാങ്ക് മാന്‍ എന്നാണ് അറിയപ്പെടുന്നത്. 19കാരനായ വാങ് വെയ്‌ലിന്‍ എന്ന വിദ്യാര്‍ഥിയായാരിനുന് അതെന്ന് സണ്‍ഡേ എക്‌സ്പ്രസ് എന്ന പത്രം പുറത്തുവിട്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ടാങ്ക് മാനെതിരേ ചൈനീസ് പോലിസ് 'ഗുണ്ടാ നിയമം' ചുമത്തിയെന്നും ഫയറിങ് സ്‌ക്വാഡിന് മുന്നിലെത്തിച്ചെന്നുമാണ് റിപോര്‍ട്ടുകളെങ്കിലും മൂന്നു പതിറ്റാണ് പിന്നിട്ടപ്പോഴും യാതൊരു സ്ഥിരീകരണവുമുണ്ടായിട്ടില്ല. ടിയാനന്‍ മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കാന്‍ എല്ലാവര്‍ഷം ഒത്തുകൂടുന്നവര്‍ ചിത്രം പ്രചരിപ്പിക്കാറുണ്ടെങ്കിലും ആരാണെന്ന് വ്യക്തമായിട്ടില്ല.

1989ല്‍ ചൈനയില്‍ പ്രക്ഷോഭത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്കാക്കുന്നത്. പ്രക്ഷോഭത്തില്‍ 200 പ്രക്ഷോഭകാരികളും ഏതാനും സൈനിക പോലിസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നായിരുന്ന ചൈനയുടെ ഔദ്യോഗിക വിശദീകരണം.




Next Story

RELATED STORIES

Share it