World

മാര്‍പാപ്പയുടെ അവസാന സന്ദേശവും ലോകസമാധാനത്തിന്; ഗസയില്‍ യുദ്ധം നിര്‍ത്തണം, പട്ടിണി കിടക്കുന്നവരെ സഹായിക്കണം

മാര്‍പാപ്പയുടെ അവസാന സന്ദേശവും ലോകസമാധാനത്തിന്; ഗസയില്‍ യുദ്ധം നിര്‍ത്തണം, പട്ടിണി കിടക്കുന്നവരെ സഹായിക്കണം
X

വത്തിക്കാന്‍ സിറ്റി: ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നതായിരുന്നു അവസാന സന്ദേശത്തിലും പാപ്പ പറഞ്ഞത്. ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്നും ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികളാണ് ഞായറാഴ്ചത്തെ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കായി റോമിലെത്തിച്ചേര്‍ന്നിരുന്നത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ ഞായറാഴ്ച സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മട്ടുപ്പാവില്‍ വീല്‍ചെയറിലിരുന്നുകൊണ്ടാണ് അല്പനേരം വിശ്വാസികളെ കണ്ടത്. കൈവീശി അദ്ദേഹം അവര്‍ക്ക് ഈസ്റ്റര്‍ദിനാശംസ നേര്‍ന്നു. സഹായിയാണ് ഈസ്റ്റര്‍ദിന സന്ദേശം വായിച്ചത്.

മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമില്ലാതെ സമാധാനം സാധ്യമാകില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനംചെയ്തു. ഗാസയില്‍ അടിയന്തരവെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത പാപ്പ, ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടു. ഗസയിലെ പരിതാപകരമായ മാനുഷികസാഹചര്യത്തെ അപലപിച്ചു. ആഗോളതലത്തില്‍ ജൂതവിരുദ്ധത പടരുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ഗസയിലെയും ഇസ്രായേലിലേയും യുദ്ധത്തിന്റെ കഷ്ടതകളനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പറഞ്ഞു.

ഗസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

കടുത്ത ന്യുമോണിയയെ തുടര്‍ന്ന് 38 ദിവസം ആശുപത്രിവാസത്തിലായിരുന്ന മാര്‍പാപ്പ അതിനുമുന്‍പ് തന്നെ ഗാസയിലെ ഇസ്രയേല്‍ സൈനികാധിനിവേശത്തെ അപലപിച്ചിരുന്നു. ഗാസയിലെ ജനങ്ങളുടെ അവസ്ഥ അതീവഗുരുതരവും ലജ്ജാകരവുമാണെന്നാണ് കഴിഞ്ഞ ജനുവരിയില്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്കായി അദ്ദേഹം അല്‍പനേരം ചെലവിട്ടിരുന്നു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന മാര്‍പാപ്പ ചികിത്സയില്‍ തുടരവേയാണ് കാലംചെയ്തത്. 88 വയസ്സായിരുന്നു. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.




Next Story

RELATED STORIES

Share it