World

തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ കലാപം

വലതുപക്ഷ വംശീയ വാദികളുടെ ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരേ തെരുവിലിറങ്ങിയ മുന്നൂറോളം പേര്‍ പോലിസിനുനേരേ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് പോലിസ് വക്താവ് റിക്കാര്‍ഡ് ലണ്ട്ക്വിസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ കലാപം
X

സ്റ്റോക്ഹോം: സ്വീഡനിലെ തെക്കന്‍ നഗരമായ മല്‍മോയില്‍ തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചും തെരുവിലിട്ട് തട്ടിയും നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രകടനം കലാപത്തിന് വഴിവച്ചു. വലതുപക്ഷ വംശീയ വാദികളുടെ ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരേ തെരുവിലിറങ്ങിയ മുന്നൂറോളം പേര്‍ പോലിസിനുനേരേ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് പോലിസ് വക്താവ് റിക്കാര്‍ഡ് ലണ്ട്ക്വിസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിഷേധ പ്രകടനക്കാര്‍ പല വസ്തുക്കളുമെടുത്ത് പോലിസ് ഓഫിസര്‍മാര്‍ക്കു നേരെ എറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.


സംഘര്‍ഷാവസ്ഥ പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്നും ഇതിനായി ശ്രമിക്കുകയാണെന്നും പോലിസ് പറയുന്നു. വെള്ളിയാഴ്ച മല്‍മോയില്‍ നിരവധി ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും മൂന്നുപേര്‍ ചേര്‍ന്ന് തെരുവില്‍ ഖുര്‍ആന്റെ പകര്‍പ്പ് തട്ടിക്കളിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

തീവ്ര വലതുപക്ഷ ഡാനിഷ് പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നേതാവ് റാസ്മസ് പാലുദാന് മല്‍മോയില്‍ വെള്ളിയാഴ്ച ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇസ്‌ലാം വിരുദ്ധ പ്രകടനങ്ങളുമായി വലതുപക്ഷ വാദികള്‍ തെരുവിലിറങ്ങിയത്.

രണ്ടുവര്‍ഷത്തേക്ക് സ്വീഡനില്‍ പ്രവേശിക്കുന്നത് റാസ്മസിനെ വിലക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാസ്മസിനെ സ്വീഡന്റെ അതിര്‍ത്തിയില്‍ മാല്‍മോയ്ക്ക് സമീപം പോലിസ് അറസ്റ്റുചെയ്തത്. അദ്ദേഹം നിയമം ലംഘിക്കാന്‍ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തതെന്ന് മാല്‍മോയിലെ പോലിസ് വക്താവ് കാലെ പെര്‍സണ്‍ എഎഫ്പിയോട് പറഞ്ഞു.


അദ്ദേഹത്തിന്റെ പെരുമാറ്റം സമൂഹത്തിന് ഭീഷണിയും അപകടവും സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളെ തടഞ്ഞെങ്കിലും അനുയായികള്‍ പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങി. ഇതിനിടെയാണ് ഖുര്‍ആനെ അവഹേളിക്കുന്ന നടപടികളുണ്ടായത്. വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it