World

10 ദിവസത്തിനുള്ളില്‍ ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധം നടത്തുമെന്ന് സല്‍വാന്‍ മോമിക

ഇതുകഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയത്.

10 ദിവസത്തിനുള്ളില്‍ ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധം നടത്തുമെന്ന് സല്‍വാന്‍ മോമിക
X

സ്റ്റോക്ക്ഹോം: മസ്ജിദിന് പുറത്ത് ഖുര്‍ആന്റെ പേജുകള്‍ കത്തിച്ച സംഭവത്തില്‍ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ അടുത്ത 10 ദിവസത്തിനുള്ളില്‍ മറ്റൊരു ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധം കൂടി നടത്തുമെന്ന് സ്റ്റോക്ക് ഹോമില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സല്‍വാന്‍ മോമിക സ്വീഡിഷ് മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ സ്വീഡിഷ് പൊലീസ് 37കാരന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുര്‍ആന്റെ പേജുകള്‍ കീറി തീയിട്ടത്. ഈദ് അല്‍-അദ്ഹയുടെ തുടക്കവും സൗദി അറേബ്യയിലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ അവസാനവും ഒത്തുചേരുന്ന ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ചത് ഇസ്ലാമിക രാജ്യങ്ങളിലടക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തന്റെ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് തനിക്ക് അറിയാമെന്നും ആയിരക്കണക്കിന് വധഭീഷണി സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എക്‌സ്പ്രസെന്‍ പത്രത്തോട് മോമിക പറഞ്ഞു. എന്നാല്‍ വരും ആഴ്ചകളില്‍ വീണ്ടും സമാനമായ പ്രതിഷേധം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ''അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്റ്റോക്ക്‌ഹോമിലെ ഇറാഖ് എംബസിക്ക് മുന്നില്‍ ഇറാഖി പതാകയും ഖുര്‍ആനും കത്തിക്കും''- മോമിക പറഞ്ഞു. അഭിപ്രായ സ്വതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് അനുമതി നല്‍കിയ പൊലീസ്, എന്നാല്‍ ഒരു വിഭാഗത്തിനെതിരെയുണ്ടായ പ്രതിഷേധം അന്വേഷിക്കുമെന്ന് പിന്നീട് വ്യക്തമാക്കി. പള്ളിക്ക് വളരെ അടുത്ത് വെച്ചാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ പ്രതിഷേധം വിദ്വേഷ കുറ്റകൃത്യത്തില്‍ വരുന്നതല്ലെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെതിരായ പ്രതിഷേധമല്ലെന്നും മോമിക പറയുന്നു.

''തീയിട്ടത് വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കാന്‍ പൊലീസിന് അവകാശമുണ്ട്. അവരുടെ കണ്ടെത്തല്‍ ശരിയും തെറ്റുമാകാം '- മോമിക പത്രത്തോട് പറഞ്ഞു, അവസാനം തീരുമാനിക്കേണ്ടത് കോടതിയാണെന്നും മോമിക പറഞ്ഞു. ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധമടക്കമുള്ളവയ്ക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ സ്വീഡിഷ് കോടതി രംഗത്ത് വന്നിരുന്നു. ഇതുകഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയത്.






Next Story

RELATED STORIES

Share it