World

ശെയ്ഖ് ജര്‍റാഹ്: നിര്‍ബന്ധിത കുടിയിറക്കല്‍ ഭീതിയില്‍ ഫലസ്തീന്‍ കുടുംബം

1951 മുതല്‍ തലമുറകളായി താമസിച്ച് വരുന്ന തങ്ങളുടെ വസതിയില്‍നിന്ന് ആസന്നമായ നിര്‍ബന്ധിത കുടിയിറക്കത്തിന്റെ നീറുന്ന വേദനകളിലേക്കാണ് ഈ കുടുംബം ഓരോ ദിവസവും ഉറക്കമുണരുന്നത്.

ശെയ്ഖ് ജര്‍റാഹ്: നിര്‍ബന്ധിത കുടിയിറക്കല്‍ ഭീതിയില്‍ ഫലസ്തീന്‍ കുടുംബം
X

ശെയ്ഖ് ജര്‍റാഹ്: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിനോട് ചേര്‍ന്നുള്ള ശെയ്ഖ് ജര്‍റാഹില്‍ തലമുറകളായി താമസിച്ച് വരുന്ന സലീം കുടുംബം ഭയത്തിലും ആശങ്കയിലുമാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. 1951 മുതല്‍ തലമുറകളായി താമസിച്ച് വരുന്ന തങ്ങളുടെ വസതിയില്‍നിന്ന് ആസന്നമായ നിര്‍ബന്ധിത കുടിയിറക്കത്തിന്റെ നീറുന്ന വേദനകളിലേക്കാണ് ഈ കുടുംബം ഓരോ ദിവസവും ഉറക്കമുണരുന്നത്.

ഇസ്രായേലി കുടിയേറ്റ എന്‍ജിഒകള്‍ ഇവരുടെ സ്വത്തിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെ നാല് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു തലമുറകളിലെ 11 പേരടങ്ങുന്ന കുടുംബത്തെ 2021 ഡിസംബര്‍ 29നകം നിര്‍ബന്ധിതമായി പുറത്താക്കാന്‍ ഇസ്രായേല്‍ കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിടുകയായിരുന്നു.

എന്നാല്‍, ഫലസ്തീനികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ഫലമായി കുടിയൊഴിപ്പിക്കല്‍ നീട്ടാനുള്ള പോലിസിന്റെ ആഭ്യര്‍ത്ഥനയെതുടര്‍ന്ന് ഇസ്രായേല്‍ കോടതി നിര്‍ബന്ധിത പുറത്താക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡിസംബര്‍ 23ന് ഉത്തരവിടുകയായിരുന്നു.

എന്നാല്‍, കുടുംബത്തിന് കൂടുതല്‍ അപ്പീലുകള്‍ നല്‍കാന്‍ കഴിയാതെ വന്നതോടെ ഈ മാസം അവ്യക്തമായ ഒരു തീയതിയില്‍ കുടിയൊഴിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

കുടിയൊഴിപ്പിക്കല്‍ നോട്ടിസ് ഡിസംബര്‍ 9ന് വലതുപക്ഷ ഇസ്രായേല്‍ പ്രവര്‍ത്തകനും ജറുസലേം സിറ്റി കൗണ്‍സില്‍ അംഗവുമായ യോനതന്‍ യോസെഫ്, സാലിം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ 74 കാരിയായ ഫാത്തിമ സലീമിന് കൈമാറിയിരുന്നു. 1948ന് മുമ്പ് സ്വത്ത് കൈവശം വച്ചിരുന്ന ജൂത ഉടമകളില്‍ നിന്ന് ഈ വീട് വാങ്ങിയെന്നാണ് ജറുസലേം ഡെപ്യൂട്ടി മേയറായ അരിഹ് കിംഗിനൊപ്പം യോനതന്‍ യോസെഫ് അവകാശപ്പെടുന്നത്.

1948ല്‍ ഇസ്രായേല്‍ സ്ഥാപിതമായതിനു പിന്നാലെ 700,000 ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്നും ഭൂമിയില്‍ നിന്നും ബലമായി പുറത്താക്കിയിരുന്നു. സലീം കുടുംബവും ഇവരോടൊപ്പം അഭയാര്‍ത്ഥികളായി മാറിയിരുന്നു. 1948ലെ അറബ്ഇസ്രായേല്‍ യുദ്ധത്തിനുശേഷം ജോര്‍ദാന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ ജൂതന്മാരില്‍ നിന്ന് പിടിച്ചെടുത്ത സ്വത്ത് കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിതമായ ജോര്‍ദാനിയന്‍ കസ്‌റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള സംരക്ഷിത വാടക കരാര്‍ പ്രകാരം 1951ല്‍ കുടുംബം വീട് പാട്ടത്തിനെടുക്കുകയായിരുന്നു. പിന്നീട് 1967ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേമിന്റെ നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തു.

'തന്റെ മാതാപിതാക്കള്‍ 1951 മുതല്‍ ഇവിടെയാണ് താമസിച്ചിരുന്നത്. താന്‍ ജനിച്ചത് ഇവിടെയാണ്, തന്റെ വിവാഹവും ഇവിടെവച്ചായിരുന്നു.തന്റെ എല്ലാ കുട്ടികളെയും താന്‍ ഇവിടെയാണ് പ്രസവിച്ചത്. തന്റെ മൂന്ന് ആണ്‍മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഇപ്പോള്‍ ഇവിടെയാണ് താമസിക്കുന്നത്'-

ഫാത്തിമ അല്‍ ജസീറയോട് പറഞ്ഞു. ഞങ്ങള്‍ക്ക് പോകാന്‍ വേറെ സ്ഥലമില്ല, ഒരു പുതിയ സ്ഥലം വാടകയ്ക്ക് എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. തണുത്തതും മഴയുള്ളതുമായ ശൈത്യകാല കാലാവസ്ഥയില്‍ തങ്ങള്‍ തെരുവില്‍കിടന്ന് മരിക്കേണ്ടി വരും. സമ്മര്‍ദ്ദം അസഹനീയമാണ്. തങ്ങള്‍ എല്ലാവരും രാത്രി ഉറങ്ങാന്‍ പാടുപെടുന്നു, ഇത് എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു'- ഫാത്തിമ കണ്ണീരോടെ പറയുന്നു.

സലീം കുടുംബ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കുടിയേറ്റക്കാര്‍ നല്‍കിയ രേഖകളുടെ ആധികാരികതയെയും ഫലസ്തീനികള്‍ ചോദ്യം ചെയ്യുകയാണ്.

അതേസമയം, 1948ലെ യുദ്ധത്തിന് മുമ്പ് ജീവിച്ചിരുന്നതായി അവകാശപ്പെടുന്ന കിഴക്കന്‍ ജറുസലേമിലെ ഭൂമിയും സ്വത്തുക്കളും ജൂത കുടിയേറ്റക്കാര്‍ക്ക് ഏറ്റെടുക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഇസ്രായേല്‍ പ്രയോഗിക്കുമ്പോള്‍, അതേ നിയമങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിത പുറത്താക്കലിന് വിധേയരായ ഫലസ്തീനികള്‍ക്ക് ബാധകമല്ലെന്നാണ് ഭീകര രാഷ്ട്രമായ ഇസ്രായേല്‍ പറയുന്നത്.


Next Story

RELATED STORIES

Share it