World

സിഎഎ വിരുദ്ധ പ്രക്ഷോഭം: തടങ്കലില്‍ കഴിയുന്ന നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യയോട് യുഎന്‍ വിദഗ്ധര്‍

പ്രതിഷേധങ്ങളോടുള്ള അധികാരികളുടെ സമീപനത്തിലും വിവേചനമുണ്ടെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ നടത്തിയ വിദ്വേഷപ്രചാരണവും അതിനെത്തുടര്‍ന്ന് നടന്ന അക്രമവും അധികാരികള്‍ കൃത്യമായി അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിഷേധ റാലികളില്‍ 'രാജ്യദ്രോഹികളെ വെടിവയ്ക്കൂ' എന്ന് ആക്രോശിച്ചതായും റിപോര്‍ട്ടുകളുണ്ട്.

സിഎഎ വിരുദ്ധ പ്രക്ഷോഭം: തടങ്കലില്‍ കഴിയുന്ന നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യയോട് യുഎന്‍ വിദഗ്ധര്‍
X

ജനീവ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റുചെയ്ത് തടങ്കലിലാക്കിയ മനുഷ്യാവകാശ സംരക്ഷകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധര്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അപലപിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരുടെ അനുഭവം ഇതായിരിക്കുമെന്ന് ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് സന്ദേശം നല്‍കുകയെന്നതാണ് അറസ്റ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഡല്‍ഹിയില്‍ ഗര്‍ഭിണിയായ കോളജ് വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെ അറസ്റ്റുചെയ്ത് രണ്ടുമാസത്തോളം ഏകാന്ത തടവിന് തുല്യമായി പാര്‍പ്പിച്ചത് ഏറ്റവും ഭയാനകരമായ കേസുകളിലൊന്നാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കുടുംബത്തെയും അഭിഭാഷകരെയും ബന്ധപ്പെടാനുള്ള അനുവാദം നിഷേധിക്കുക മാത്രമല്ല, ഗര്‍ഭിണിയായ അവര്‍ക്ക് വേണ്ടത്ര വൈദ്യസഹായവും നല്‍കിയില്ല. ഒടുവില്‍ മനുഷിക പരിഗണന കണക്കിലെടുത്താണ് ആറുമാസം ഗര്‍ഭിണിയായ സഫൂറയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. നിരവധി അയല്‍രാജ്യങ്ങളില്‍നിന്നുള്ള പ്രത്യേക മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ക്ക് വേഗത്തിലും ലളിതമായ നടപടിക്രമംവഴിയും പൗരത്വം നല്‍കാന്‍ അവസരമൊരുക്കിയപ്പോള്‍ മുസ്‌ലിംകളെ മാത്രം ഇതില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. 2019 ഡിസംബറില്‍ അംഗീകരിച്ച നിയമം ഇന്ത്യന്‍ ഭരണഘടനയുടെ മതേതര അടിത്തറ ലംഘിക്കുന്നതാണെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ മതങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാങ്കണ കാലിത, നടാഷ നര്‍വാള്‍, ഖാലിദ് സെയ്ഫി, ഷിഫ ഉര്‍റഹ്മാന്‍, ഡോ. കഫീല്‍ ഖാന്‍, ഷര്‍ജീല്‍ ഇമാം, അഖില്‍ ഗോഗോയ് എന്നിവര്‍ക്കെതിരായ നടപടികളിലാണ് യുഎന്‍ വിദഗ്ധരുടെ ഇടപെടല്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 11 വ്യക്തിഗത കേസുകളിലും ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളും അറസ്റ്റിനും തടങ്കലിലാക്കുന്നതിനും പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചയും പീഡനവും മോശം പെരുമാറ്റവുമുണ്ടായതായി കാണാവുന്നതാണ്. മതിയായ തെളിവുകളില്ലാതെയും വിചാരണ കൂടാതെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ മനുഷ്യാവകാശസംരക്ഷക പ്രവര്‍ത്തകരെയും അധികൃതര്‍ ഉടന്‍ മോചിപ്പിക്കണം.

പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനത്തെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരിലാണ് ഇവരില്‍ പലരെയും അറസ്റ്റുചെയ്തത്. പ്രതിഷേധങ്ങളോടുള്ള അധികാരികളുടെ സമീപനത്തിലും വിവേചനമുണ്ടെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ നടത്തിയ വിദ്വേഷപ്രചാരണവും അതിനെത്തുടര്‍ന്ന് നടന്ന അക്രമവും അധികാരികള്‍ കൃത്യമായി അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിഷേധ റാലികളില്‍ 'രാജ്യദ്രോഹികളെ വെടിവയ്ക്കൂ' എന്ന് ആക്രോശിച്ചതായും റിപോര്‍ട്ടുകളുണ്ട്. തീവ്രവാദത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ നടപടിക്രമങ്ങള്‍ എന്ന തരത്തില്‍ പോലിസിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി പ്രതിഷേധക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ സിഎഎയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന് സുപ്രിംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. എങ്കിലും പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കളെ തടവില്‍തന്നെ പാര്‍പ്പിക്കുകയാണ് അധികാരികള്‍ ചെയ്തത്. ഇന്ത്യയിലെ ജയിലുകളില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവരെ അടിയന്തരമായി മോചിപ്പിക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച വര്‍ക്കിങ് ഗ്രൂപ്പ് മേധാവികളായ മേരി ലോലര്‍, ലെയ് ടോമി, എലീന സ്റ്റെയ്‌നര്‍ട്ട്, ജോസ് ഗുവേര ബെര്‍മാഡെസ്, സിയോങ് ഫില്‍ ഹോങ്, ഡേവിഡ് കെയ്, ക്ലമന്റ് നയാലെറ്റ്സോസി വോള്‍, ഫെര്‍ണാണ്ട് ഡെ വരാനസ്, ഇ ടെന്‍ഡായി അഷ്യൂം, അഹ്മദ് ഷഹീദ്, ഫിയോനുവാല ഡി നിയോലെയ്ന്‍, നിള്‍സ് മെല്‍സര്‍ എന്നിവരാണ് മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരേ രംഗത്തുവന്നത്.

Next Story

RELATED STORIES

Share it