World

കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചെന്ന് ഐഎംഎഫ് മേധാവി

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009ലെ മാന്ദ്യത്തെക്കാള്‍ തീവ്രമായിരിക്കുമത്.

കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചെന്ന് ഐഎംഎഫ് മേധാവി
X

വാഷിങ്ടണ്‍: കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചിരിക്കുകയാണെന്ന് ഐഎംഎഫ് മേധാവി. വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ വലിയതോതില്‍ പണമാവശ്യമുണ്ടെന്നും അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റാലിനി ജോര്‍ജീവ പറഞ്ഞു.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009ലെ മാന്ദ്യത്തെക്കാള്‍ തീവ്രമായിരിക്കുമത്. ആഗോള സാമ്പത്തിക ആവശ്യം നിറവേറ്റാന്‍ രണ്ടരലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരും. ഇത് ഏറ്റവും കുറഞ്ഞ തുകയാണെന്നാണ് കരുതുന്നതെന്ന് ‌വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. എണ്‍പതിലേറെ രാജ്യങ്ങള്‍ ഐഎംഎഫിനോട് അടിയന്തരസഹായം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ 83000 കോടി ഡോളറിന്റെ മൂലധന ശോഷണം സംഭവിച്ചിട്ടുണ്ട്. അതിനെ മറികടക്കേണ്ടതുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങള്‍ക്കും ആവശ്യമായ ആഭ്യന്തര സ്രോതസ്സുകള്‍ ലഭ്യമല്ല. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ കടക്കെണിയിലാണ്. അതിനാല്‍ ഇത് മറികടക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായമാണ് വേണ്ടത്. മുമ്പ് ചെയ്തിരുന്നതിനേക്കാള്‍ വേഗത്തില്‍ കാര്യക്ഷമവും അധികവുമായ സഹായമാണ് ലഭ്യമാക്കേണ്ടത്.

അടിയന്തര സംവിധാനങ്ങള്‍ക്ക് വേണ്ടി 5000 കോടി ഡോളറെങ്കിലും ആവശ്യമാണെന്നും ക്രിസ്റ്റലിനി ചൂണ്ടിക്കാട്ടി. കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാന്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിയ 2.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനെ അവര്‍ സ്വാഗതം ചെയ്തു.

Next Story

RELATED STORIES

Share it