Gulf

തുടര്‍ വിമാന സര്‍വീസുകള്‍ പൊതുമാപ്പ് ഉപയോഗിക്കുന്നവര്‍ക്ക്: ദുബയ് കെഎംസിസി

കോവിഡ് 19ന്റെ പ്രതിസന്ധി മൂലം വിസ പുതുക്കാനാവാത്ത വര്‍ക്ക് യുഎഇ ഗവണ്‍മെന്റ് ഹ്രസ്വ കാലത്തേക്ക് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന സാധാരണക്കാര്‍ക്ക് നാട്ടിലെത്താനാണ് വിരലിലെണ്ണാവുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ കൂടി ദുബയ് കെഎംസിസി തുടരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു

തുടര്‍ വിമാന സര്‍വീസുകള്‍ പൊതുമാപ്പ് ഉപയോഗിക്കുന്നവര്‍ക്ക്: ദുബയ് കെഎംസിസി
X

ദുബയ്: കോവിഡ് 19ന്റെ പ്രതിസന്ധി മൂലം വിസ പുതുക്കാനാവാത്ത വര്‍ക്ക് യുഎഇ ഗവണ്‍മെന്റ് ഹ്രസ്വ കാലത്തേക്ക് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന സാധാരണക്കാര്‍ക്ക് നാട്ടിലെത്താനാണ് വിരലിലെണ്ണാവുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ കൂടി ദുബയ് കെഎംസിസി തുടരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ദുബയ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിയും ഫ്‌ളൈറ്റ് ചാര്‍ട്ടറിംഗ് കോഓര്‍ഡിനേറ്ററുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല എന്നിവര്‍ സൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. കെഎംസിസി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസ് തുടരുന്നതിനെതിരെ മാധ്യമങ്ങളിലുയര്‍ന്ന ചില അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

വിസാ ലംഘനത്തിന്റെ പേരിലുള്ള സകല പിഴകളും ശിക്ഷകളും ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച താല്‍ക്കാലിക പൊതുമാപ്പ് ഉപയോഗപ്പെടുത്താനാഗ്രഹിച്ച സാധാരണക്കാരായ നൂറുകണക്കിനാളുകളുണ്ട്. ഇവര്‍ കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നഭ്യര്‍ത്ഥിച്ച് ദുബയ് കെഎംസിസിയെ സമീപിച്ചിരുന്നു. പ്രതിബദ്ധതയുള്ള സാമൂഹിക സംഘടന എന്ന നിലക്ക് ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പത്തോളം ചാര്‍ട്ടേഡ് സര്‍വീസുകള്‍ കൂടി കെഎംസിസി ഏര്‍പ്പെടുത്തുന്നത്. ദുബയ് കെഎംസിസിക്ക് അനുമതി ലഭിച്ച 33 വിമാന സര്‍വീസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പത്തോളം സര്‍വീസുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. ആകെ 43 ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് കെഎംസിസിക്കായുള്ളത്. ഇവ പൂര്‍ത്തിയാകുന്നതോടെ പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വേണ്ടതില്ലെന്നാണ് ഇപ്പോഴത്ത തീരുമാനം. ഇതല്ലാതെ, അനന്ത കാലം ദുബയ് കെഎംസിസി ഈ സേവനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഈ സര്‍വീസുകള്‍ ട്രാവല്‍ ഏജന്‍സികളുടെ നിലനില്‍പ്പിന് പ്രതിബന്ധമുണ്ടാക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തിയ ആശങ്കകള്‍ അസ്ഥാനത്താണെന്നും നേതാക്കള്‍ വ്യക്തമാക്കി.

വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ അപര്യാപ്തമായപ്പോള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കായി ദുബൈ കെഎംസിസിയാണ് ആദ്യം രംഗത്ത് വന്ന സാമൂഹിക പ്രസ്ഥാനം. ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ കെഎംസിസി കേസ് കൊടുത്തു. കെഎംസിസിയുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതിയായത്. തൊഴില്‍ നഷ്ടപ്പെട്ടും മറ്റും ടിക്കറ്റെടുക്കാന്‍ നിര്‍വാഹമില്ലാത്തവരെ ഉള്‍പ്പെടുത്തി സര്‍വീസ് നടത്തിയത് മാത്രമല്ല, ഏറ്റവും കുറഞ്ഞ നിരക്കും ഏര്‍പ്പെടുത്താന്‍ സാധിച്ചു. അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ച് ഇന്‍ഡിഗോ സര്‍വീസായിരുന്നു ആദ്യം നടപ്പാക്കിയത്. 1,050 ദിര്‍ഹമിനാണ് ടിക്കറ്റ് ലഭിച്ചത്. എന്നാല്‍, കെഎംസിസി ഓരോ യാത്രക്കാരനും 60 ദിര്‍ഹം നല്‍കി 990 ദിര്‍ഹമിന് ആ സമയത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കി. ഇങ്ങനെ 60 ദിര്‍ഹം നല്‍കാനായി 32,000 ദിര്‍ഹം കെഎംസിസിക്ക് ചെലവാക്കേണ്ടി വന്നു. പിന്നീട്, ഫ്‌ളൈ ദുബൈ മുഖേന 925 ദിര്‍ഹമിന് ഇരുപതോളം സര്‍വീസുകള്‍ നടത്തി. വലിയ നിരക്കില്‍ വിമാന സര്‍വീസ് നടത്തി ഒരു ഫില്‍സ് പോലും ദുബൈ കെഎംസിസി വരുമാനമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, കുറഞ്ഞ നിരക്ക് ലഭിക്കാന്‍ പണം ചെലവാക്കി സമൂഹത്തെ സഹായിക്കുകയാണ് ചെയ്തത്. സുതാര്യമാണ് ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തനമെന്നും നേതാക്കള്‍ പറഞ്ഞു.

കെഎംസിസിയുടെ പേരില്‍ ആരെങ്കിലും തെറ്റായി പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

സാധാരണക്കാരായ മനുഷ്യരുടെ അത്താണിയായ കെഎംസിസി അവരെ സഹായിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും. അതിനായി നിരവധി സുമനസുകളായ വ്യവസായികളും സംരംഭകരും ദുബൈ കെഎംസിസിയെ ഉദാരമായി സഹായിക്കുന്നു. കോവിഡ് 19 ആളിപ്പടര്‍ന്ന കാലയളവില്‍ കെഎംസിസിയുടെ വളണ്ടിയര്‍മാരും പ്രവര്‍ത്തകരും സ്വജീവന്‍ പോലും പണയപ്പെടുത്തി മഹത്തായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചുവെന്നത് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ആ നിലയില്‍ ദുബൈ കെഎംസിസിക്ക് ലഭിച്ച വ്യാപക പിന്തുണയെ ഇകഴ്ത്താനും അവമതിക്കാനും ചിലര്‍ നടത്തുന്ന ദുഷ്ട നീക്കമായേ ഇപ്പോഴത്തെ വില കുറഞ്ഞ നീക്കത്തെ കാണുന്നുള്ളൂ. ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും മഹത്തായ ജനസേവന താല്‍പര്യവുമായി ദുബയ് കെഎംസിസി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it