Gulf

അബ്ദുര്‍റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം വീണ്ടും മാറ്റി റിയാദ് കോടതി

അബ്ദുര്‍റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം വീണ്ടും മാറ്റി റിയാദ് കോടതി
X

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുര്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തിയ്യതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തില്‍ റഹീമിന് നിര്‍ണായകമാണ്.

അബ്ദുര്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുര്‍ റഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി അബ്ദുര്‍ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരില്‍ കണ്ടു സംസാരിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.





Next Story

RELATED STORIES

Share it