Gulf

കുവൈത്തില്‍ കുടുംബ വിസകള്‍ അനുവദിച്ച് തുടങ്ങി; നിബന്ധനകള്‍ തുടരും

കുവൈത്തില്‍ കുടുംബ വിസകള്‍ അനുവദിച്ച് തുടങ്ങി; നിബന്ധനകള്‍ തുടരും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിച്ച് തുടങ്ങി. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍ത്തിവച്ചിരുന്ന കുടുംബ വിസകളാണ് രാജ്യം മഹാമാരിയെ അതിജീവിച്ചതോടെ വീണ്ടും അനുവദിച്ചത്. രാജ്യത്ത് കൊവിഡ് സംബന്ധമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതല്‍തന്നെ പിന്‍വലിച്ചിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ ലഭിക്കുന്നതിനായി കുവൈത്ത് റസിഡന്‍സ് അഫയേഴ്‌സ് വകുപ്പിനെ സമീപിക്കാനാവും.

അതേസമയം, കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകള്‍ പാലിക്കണം. ഇവയ്ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക. വിവിധ ഗവര്‍ണറേറ്റുകളിലെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഞായറാഴ്ച പ്രവാസികളുടെ ഫാമിലി വിസിറ്റ് വിസ അപേക്ഷകള്‍ സ്വീകരിക്കുന്നത് പുനരാരംഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍റായി ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു.

കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കാന്‍ ഈദുല്‍ ഫിത്തര്‍ അവധിക്ക് മുമ്പ് മന്ത്രിമാരുടെ കൗണ്‍സില്‍ പുറപ്പെടുവിച്ച തീരുമാനം പരിഗണിച്ച്, റെസിഡന്‍സി കാര്യ വകുപ്പുകള്‍ക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷകള്‍ ലഭിച്ചുതുടങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വം, ശമ്പളപരിധി, സുരക്ഷാ പരിശോധനകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിസ ലഭിക്കുന്നതിനുള്ള മുന്‍വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ തുടരുമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it