Gulf

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനം: ദമാം മീഡിയ ഫോറം

അഭിപ്രായ ഭിന്നതകളെ ഈ തരത്തില്‍ നേരിടുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ ജനങ്ങളെയോ, സംവിധാനങ്ങളെയോ നിഗൂഢമായി ചിത്രീകരിച്ച് അന്യവല്‍കരിക്കാനുള്ള ശ്രമം ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല.

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനം: ദമാം മീഡിയ ഫോറം
X

ദമാം: മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്നും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മീഡിയാ വണ്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും ദമാം മീഡിയാ ഫോറം അഭിപ്രായപ്പെട്ടു.

അഭിപ്രായ ഭിന്നതകളെ ഈ തരത്തില്‍ നേരിടുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ ജനങ്ങളെയോ, സംവിധാനങ്ങളെയോ നിഗൂഢമായി ചിത്രീകരിച്ച് അന്യവല്‍കരിക്കാനുള്ള ശ്രമം ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല.

ക്രിയാത്മകമായ വിമര്‍ശനങ്ങളും എതിര്‍ ശബ്ദങ്ങളും കൂടി ചേരുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുക എന്നും മീഡിയ ഫോറം പറഞ്ഞു. ഈ അവകാശങ്ങള്‍ക്ക് നേരെ അധികാരം പ്രയോഗിക്കുന്നത് ഇന്ത്യ എന്ന ആശയത്തെയും അതിന്റെ മൂല്യങ്ങളെയും ക്ഷയിപ്പിക്കുകയാണ് ചെയ്യുക. മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഭയരഹിതമായി രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നത് സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്തമായി കാണണം. സര്‍ക്കാര്‍ ഉത്തരവിനെ മരവിപ്പിച്ച് കൊണ്ട് ഹൈക്കോടതി നടത്തിയ ഇടപെടല്‍ ആശാവഹമാണ്. ഭരണകൂടങ്ങള്‍ തങ്ങളുടെ ജനതക്കെതിരിലൊ, രാജ്യത്തെ സംവിധാനങ്ങള്‍ക്കെതിരിലൊ അന്യായ സമീപനം സ്വീകരിച്ചാല്‍ അവരുടെ അന്തിമ ആശ്വാസം നീതിന്യായ സംവിധാനങ്ങള്‍ തന്നെയാണ്.

മീഡിയാ വണ്ണിനെതിരേ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം കൈക്കൊണ്ട നടപടി പിന്‍വലിക്കാന്‍ തയാറാകണമെന്നും ദമാം മീഡിയ ഫോറം ഭാരവാഹികളായ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ വെഞ്ഞാറംമൂട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it