Gulf

നാലുതവണ കൊവിഡ് പരിശോധന, ഉയര്‍ന്ന നിരക്ക്; ദുരിതമായി നാട്ടിലേയ്ക്കുള്ള പ്രവാസികളുടെ യാത്ര

യുഎഇയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണമെന്നതാണ് പുതിയ ചട്ടം. ഇതുപ്രകാരം യുഎഇയില്‍ 150 ദിര്‍ഹം (ഏകദേശം 3,000 രൂപ) നല്‍കി കൊവിഡ് പരിശോധന നടത്തണം. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1700-1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന നടത്തേണ്ടിവരികയാണ്.

നാലുതവണ കൊവിഡ് പരിശോധന, ഉയര്‍ന്ന നിരക്ക്; ദുരിതമായി നാട്ടിലേയ്ക്കുള്ള പ്രവാസികളുടെ യാത്ര
X

ദുബയ്: കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു. യുഎഇയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണമെന്നതാണ് പുതിയ ചട്ടം. ഇതുപ്രകാരം യുഎഇയില്‍ 150 ദിര്‍ഹം (ഏകദേശം 3,000 രൂപ) നല്‍കി കൊവിഡ് പരിശോധന നടത്തണം. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1700-1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന നടത്തേണ്ടിവരികയാണ്. പിന്നീട് ഏഴുദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം.

സൗദിയില്‍നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തില്‍ മാത്രം ചെലവ് 8,000 രൂപയാണ്. 250 റിയാല്‍ മുതലാണ് സൗദിയില്‍ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും ടെസ്‌റ്റെടുക്കുന്നതോട ചെലവ് 10,000 കവിയും. അധികദിവസം നാട്ടില്‍ നില്‍ക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. ഇതുവരെ യുഎഇയില്‍നിന്ന് നാട്ടിലേക്കുപോവുന്നതിന് കൊവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റൈന്‍ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്. കുടുംബവുമായി യാത്രചെയ്യുന്നവര്‍ മുപ്പതിനായിരത്തിലേറെ റിയാല്‍ ടെസ്റ്റിന് ചെലവഴിക്കണമെന്ന് ചുരുക്കം. സൗദി സൗജന്യമായി നടത്തുന്ന പിസിആര്‍ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാല്‍ ഇത് കേന്ദ്രം സ്വീകരിക്കുന്നില്ല. ഇത് സ്വീകരിച്ചാല്‍ പോലും വലിയ ചെലവ് കുറക്കാനാവും.


കൊവിഡ് കാലത്ത് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പ്രവാസികള്‍ കടന്നുപോവുന്നത്. അതിനിടയില്‍ കൊവിഡ് പരിശോധനയ്ക്ക് മാത്രം ഇത്രയും തുക ചെലവാകുന്നത് പ്രവാസികളുടെ നടുവൊടിക്കുന്നു. കേരളത്തിലാണെങ്കില്‍ കൊവിഡ് പരിശോധനയുടെ പേരില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വന്‍തുകയാണ് ഈടാക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ 1,700 രൂപയാണ് ആര്‍ടി- പിസിആര്‍ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

മംഗളൂരു, ബംഗളൂരു, ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളില്‍ 1,200 രൂപ വീതവും ഹൈദരാബാദില്‍ 1,250 രൂപയും ലഖ്‌നോ, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ 9,00 രൂപയും മുംബൈയില്‍ 850 രൂപയും ഡല്‍ഹിയില്‍ 800 ഉം ജെയ്പൂരിലും വിജയവാഡയിലും 500 രൂപ വീതവുമാണ് ആര്‍ടി-പിസിആര്‍ നിരക്ക്. മധുര, ഛണ്ഡിഗഢ്, വാരണാസി എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് സൗജന്യനിരക്കാണ്. ഈ സാഹചര്യത്തില്‍ കേരളം അടിയന്തരമായി നിരക്ക് കുറയ്ക്കാന്‍ തയ്യാറാവണമെന്നാണ് പ്രവാസികളുടെ ആവശ്യം. കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

72 മണിക്കൂറിനിടെ രണ്ട് ടെസ്റ്റുകള്‍ എന്ന നിബന്ധന പിന്‍വലിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. നാട്ടിലുള്ള കൊവിഡ് ടെസ്റ്റിന് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും കെഎംസിസി കത്തയച്ചു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും എംപിമാര്‍ക്കും നോര്‍ക്കയ്ക്കും പ്രതിപക്ഷനേതാവിനും സൗദി കെഎംസിസി കത്തുകളയച്ചു.

ഒന്നുകില്‍ വിമാനം കയറുന്നതിന് മുമ്പായോ അല്ലെങ്കില്‍ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമായി നല്‍കുകയും വേണമെന്ന് കെഎംസിസി കത്തില്‍ ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടുപോലും മടങ്ങുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ വന്‍തുക വരുന്ന കൊവിഡ് ടെസ്റ്റിന് പരിഹാരം കാണണം. പ്രവാസികള്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ വിദേശങ്ങളില്‍ എംബസിയുടെ വെല്‍ഫയര്‍ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it