- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ലൈംഗികപീഡനശ്രമം: ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് കേസെടുത്തു
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്കു നേരെയുണ്ടായ പീഡനശ്രമത്തിനെതിരേ യുവതി ആദ്യം പോലിസിനെ സമീപിച്ചെങ്കിലും പീഡനം നടന്നത് എംബസിക്കകത്തായതിനാലും ആരോപണം മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ ആയതിനാലും കേസെടുക്കാനുള്ള സാങ്കേതികതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയെ മടക്കി അയച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥനെതിരേ നല്‍കിയ ലൈംഗികപീഡനപരാതിയില്‍ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംബസിക്കകത്തുവച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഇന്ത്യക്കാരിയായ സാമൂഹികപ്രവര്‍ത്തകയുടെ പരാതിയിലാണു നടപടി. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്കു നേരെയുണ്ടായ പീഡനശ്രമത്തിനെതിരേ യുവതി ആദ്യം പോലിസിനെ സമീപിച്ചെങ്കിലും പീഡനം നടന്നത് എംബസിക്കകത്തായതിനാലും ആരോപണം മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ ആയതിനാലും കേസെടുക്കാനുള്ള സാങ്കേതികതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയെ മടക്കി അയച്ചു.
ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കാനും യുവതിയെ പോലിസ് ഉപദേശിച്ചു. ഇതെത്തുടര്‍ന്ന് 2019 ജനുവരി ആദ്യത്തില്‍ പരാതിക്കാരി വിദേശകാര്യമന്ത്രിക്കും മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും പരാതി പരിശോധിക്കാനോ നടപടിയെടുക്കാനോ തയ്യാറായില്ല. തുടര്‍ന്ന് പുതുതായി അധികാരമേറ്റ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരെയെല്ലാം പരാതിയുമായി സമീപിച്ചു. എന്നാല്‍, ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് വിദേശകാര്യവകുപ്പും മന്ത്രിമാരും സ്വീകരിച്ചത്.
പരാതി നല്‍കി ഒമ്പതുമാസം കഴിഞ്ഞിട്ടും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍നിന്നും നീതിലഭിക്കാതായതോടെ 2019 സപ്തംബറില്‍ പരാതിക്കാരി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കി. പീഡനം നടന്നത് വിദേശത്താണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. ഇതോടെയാണു പരാതിക്കാരി അഡ്വ.സുഭാഷ് ചന്ദ്രന്‍ മുഖേന ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നത്. കേസില്‍ പരാതിക്കാരിയുടെയും ഡല്‍ഹി പോലിസിന്റെയും വിശദമായ വാദം കേട്ട ഡല്‍ഹി പട്യാല ഹൗസ് കോടതി എംബസി ഉദ്യോഗസ്ഥനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ മാസം 24നു ഉത്തരവിലൂടെ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി.
ഈമാസം 6ന് മുമ്പായി കേസ് രജിസ്റ്റര്‍ ചെയ്ത് സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും രണ്ടുമാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യവുമായി ജനുവരി 6ന് ഡല്‍ഹി പോലിസ് കോടതിയെ സമീപിച്ചു. ഡല്‍ഹി പോലിസിന്റെ ആവശ്യം തള്ളിയ പട്യാല ഹൗസ് കോടതി ജനുവരി 10ന് ഡിജിപിയോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചതോടെയാണ് കുവൈത്തിലെ എംബസി ഉദ്യോഗസ്ഥനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ, 354 ബി, 506, 509 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്.