Gulf

ന്യൂനമര്‍ദ്ദം; ഒമാനിലെ ബാത്തിന മേഖലയില്‍ കനത്ത മഴയും കാറ്റും

ന്യൂനമര്‍ദ്ദം; ഒമാനിലെ ബാത്തിന മേഖലയില്‍ കനത്ത മഴയും കാറ്റും
X

മസ്‌കത്ത്: ന്യൂനമര്‍ദ്ദത്തിന്റെ നേരിട്ടുള്ള ആഘാതം ഒമാനെ ബാധിച്ച് തുടങ്ങി. തെക്ക് വടക്ക് ബാത്തിന മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതതര്‍ നിര്‍ദേശിച്ചു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത കാറ്റിന്റെ അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചിലയിങ്ങളില്‍ നേരീയ ഗതാഗത തടസ്സവും നേരിട്ടു. മസ്‌കത്തടക്കമുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും രാവിലെ മുതല്‍തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ ചാറ്റല്‍ മഴയും ലഭിച്ചു.

രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും ഇന്നും നാളെയും കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് മികച്ച മുന്നൊരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിട്ടുള്ളത്. നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വിവിധ ഗവര്‍ണറേറ്റുകളില്‍ സജീവമാക്കി. മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് വീണ്ടും ഉപകമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിച്ചിവരികയാണെന്നും മുന്നൊരുക്കങ്ങള്‍ നടത്തിയതായും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

മെഡിക്കല്‍ റെസ്‌പോണ്‍സും പൊതുജനാരോഗ്യ മേഖലയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ദുരിതബാധിത ഗവര്‍ണറേറ്റുകളില്‍ സേവനങ്ങളടക്കം ഉറപ്പാക്കും. മഴ ബാധിക്കുന്ന ഗവര്‍ണറേറ്റുകളിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. റാഷിദ് ബിന്‍ ഹമദ് അല്‍ ബാദി ഒമാന്‍ വാര്‍ത്താ ഏജന്‍സിയോട് (ഒഎന്‍എ) പറഞ്ഞു.

മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, മരുന്നുകള്‍ തുടങ്ങിയവയുടെ സേവനവും ലഭ്യമാക്കും. ആവശ്യമെങ്കില്‍ മറ്റ് മേഖലകളുമായി സഹകരിച്ച് സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെയും നല്‍കും. വൈദ്യുതി മുടക്കം, വെള്ളം തടസ്സങ്ങള്‍, ചോര്‍ച്ച എന്നിവ കൈകാര്യം ചെയ്യാന്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it