Gulf

മലപ്പുറത്തെ സ്ഥാനാര്‍ത്ഥിത്വം: പിന്തിരിഞ്ഞോടാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കും- ഡോ. തസ്‌ലീം റഹ്മാനി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തെ സ്ഥാനാര്‍ത്ഥിത്വം: പിന്തിരിഞ്ഞോടാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കും- ഡോ. തസ്‌ലീം റഹ്മാനി
X

ജിദ്ദ: മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ താന്‍ വ്യക്തി താല്‍പര്യത്തിന്റെ പേരില്‍ പിന്തിരിഞ്ഞോടാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കാനുള്ള വേദിയായി ഇതിനെ പ്രയോജനപ്പെടുത്തുമെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഡോ.തസ്‌ലീം അഹമ്മദ് റഹ്മാനി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനതയോടും രാജ്യത്തോടുമുള്ള കടപ്പാട് മനസ്സിലാക്കിക്കൊണ്ടാണ് താന്‍ ഇവിടേക്ക് വന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചവരുടെ രണഭൂമിയായ മലപ്പുറത്തെപ്പോലെ മറ്റൊരിടം ഇന്ത്യാ ചരിത്രത്തില്‍ വിരളമായിരിക്കും. ആയിരക്കണക്കിന് സ്വാതന്ത്ര്യ ദാഹികളാണ് ഈ മണ്ണില്‍ നിന്നും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില്‍ പിടഞ്ഞു വീണതും നാട് കടത്തപ്പെട്ടിട്ടുള്ളതും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജന്മനാടിനോടുള്ള കടമ നിറവേറ്റുന്നതിന് ധിഷണാശാലികളായ നേതാക്കളുടെ കീഴില്‍ രാജ്യത്തിന്റെ ഭരണഘടന മുറുകെപ്പിടിച്ചു കൊണ്ട് ഭരണ രംഗത്തും മറ്റും ഉത്തരവാദിത്തം നിറവേറ്റിയവരുടെ ഭൂമിയാണ് മലപ്പുറം. അനീതിക്കെതിരേ സധൈര്യം പോരാടിയ നേതാക്കളുടെ പോരായ്മ നികത്താന്‍ അവസരം കിട്ടിയാല്‍ സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും ഏറ്റെടുക്കുമെന്നും ഡോ. തസ്‌ലീം റഹ്മാനി പറഞ്ഞു.

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ ഫാഷിസമാണ്. ഹിന്ദുത്വവും ഹിന്ദുമതവും രണ്ടാണ്. ഹിന്ദുത്വര്‍ സവര്‍ണ മനുവാദ താല്പര്യത്തോടെ രാജ്യം സ്വന്തമാക്കാനുള്ള അജണ്ടയുമായി നടക്കുകയാണ്. അതിന്റെ അനുരണനങ്ങളാണ് രാജ്യത്തുടനീളം ദലിതുകളും മുസ്ലിംകളും മറ്റു ന്യൂനപക്ഷവിഭാഗങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന ജാതിവെറിയും വംശഹത്യയും കലാപങ്ങളുമെല്ലാം. ഹിന്ദുയിസം എന്നത് യഥാര്‍ത്ഥ ഹിന്ദു മതവിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഫാഷിസത്തെ പിടിച്ചു കെട്ടാനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടില്ലെന്നു മാത്രമല്ല സാധ്യവുമല്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ കൊണ്ട് വന്നു മത്സരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ബിജെപിയെയും ഫാഷിസത്തെയു തോല്‍പ്പിക്കാനാണ് അവര്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ കേരളത്തില്‍ സംഘ പരിവാറിന് വിജയ സാധ്യതയുള്ള തിരുവനന്തപുരത്തായിരുന്നു അദ്ദേഹം ജനവിധി തേടേണ്ടിയിരുന്നത്. രാഹുല്‍ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ട് വന്നവരാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിക്കുന്നത്.

ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം മുഴക്കി വോട്ടു വാങ്ങി വിജയിക്കുകയും യാതൊരു സങ്കോചവുമില്ലാതെ ബിജെപിയിലേക്ക് കൂറുമാറി അവരുടെ യഥാര്‍ത്ഥ സ്വാഭാവം പുറത്തെടുത്തു വോട്ടര്‍മാരെയും അണികളെയും വഞ്ചിക്കുന്നത് കൂടുതലും കോണ്‍ഗ്രസ്സ് എംപിമാരും, എംഎല്‍എമാരുമാണ്. ഇത്തരത്തില്‍ ഈയടുത്തകാലത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ ഭരണം ബിജെപിയുടെ കൈകളിലെത്തിച്ച കോണ്‍ഗ്രസ്സിനെ എങ്ങിനെയാണ് വിശ്വസിക്കേണ്ടത്.

സിപിഎമ്മും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. അവര്‍ക്കു ദശാബ്ദങ്ങളുടെ ഭരണസാരഥ്യമുണ്ടായിരുന്ന ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതും ഇവിടങ്ങളില്‍ ബിജെപിക്ക് മേല്‍ക്കൈയുണ്ടാക്കിയിട്ടുള്ളതും അവരുടെയുള്ളിലെ ഹിന്ദുത്വ ചിന്താഗതിയാണ്.

പൂര്‍ണ്ണമായും സമാധാനത്തോടെ ജനങ്ങള്‍ വസിക്കുന്ന ലക്ഷദ്വീപില്‍ അരാജകത്വം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ തന്ത്രവുമായി നീങ്ങുന്നതിനെതിരെ ഒരു പ്രതിപക്ഷപാര്‍ട്ടിയും പ്രതിഷേധിച്ചിട്ടില്ല. കാശ്മീരിലെ ജനങ്ങളെ സൈനികനടപടിക്കു വിധേയകമാക്കി ക്രൂരമായി പീഡിപ്പിക്കുന്നതു പോലെ ലക്ഷദ്വീപിനെയും നശിപ്പിക്കാനാണ് ബീഫ് നിരോധനവും സൈനിക വിന്യാസവുമായി ബിജെപി സര്‍ക്കാര്‍ നീങ്ങുന്നതെന്നും ഡോ. തസ്‌ലീം റഹ്മാനി പറഞ്ഞു.

ഗുണപരമായ മാറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന മലപ്പുറത്തെ ജങ്ങള്‍ക്കു മുന്നില്‍ ആര്‍ക്കും വിലക്കെടുക്കാനാവാതെ ആര്‍ജ്ജവത്തോടു കൂടി പാര്‍ലമെന്റിലും പുറത്തും പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാ ബദ്ധനാണെന്നു ഉറപ്പു നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂം വിര്‍ച്വല്‍ കണ്‍ വെന്‍ഷന്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.

ഫാഷിസ്റ്റ് വിരോധത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അനിവാര്യമായ ഇടങ്ങളില്‍ ഇടതു വലതു മുന്നണികള്‍ പരസ്പരം കൊമ്പു കോര്‍ക്കാതെ ഒന്നിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാരത്തിനു സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള മണ്ണൊരുക്കിക്കൊടുക്കുന്നതില്‍ ഇരു മുന്നണികളികള്‍ക്കും മുഖ്യ പങ്കുണ്ടെന്നത് വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി ജയിക്കാനും പലയിടങ്ങളിലും ഭരണത്തിലേറാനും കഴിഞ്ഞത് ഇരു മുന്നണികളുടെയും പ്രവര്‍ത്തനഫലമാണ്. എന്നാല്‍ സംഘ്പരിവാരത്തെ തടയുന്നതിന് എസ്ഡിപിഐ മുന്നോട്ടു വെച്ച തന്ത്രങ്ങള്‍ മുഖവിലക്കെടുക്കാതെ ബിജെപിക്ക് വഴിവെട്ടുന്ന പണിയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും മുസ്‌ലിം ലീഗടക്കമുള്ള പാര്‍ട്ടികളും ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ശബ്ദം കാര്യക്ഷമതയോടെയും, സംഘപരിവാറിന്റെ മുമ്പില്‍ മുട്ടുവിറക്കാതെയും അവതരിപ്പിക്കാന്‍ കഴിയുന്ന ഡോ. തസ്‌ലീം അഹ്മദ് റഹ്മാനിയെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല , സൗദി കേരള കോഓര്‍ഡിനേറ്റര്‍ ബഷീര്‍ കാരന്തൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it