Gulf

ബിരിയാണി ചലഞ്ചില്‍ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് സംഭരിച്ചത് അരക്കോടി; 'സ്‌നേഹവിരുന്നില്‍' കരുത്തായി പ്രവാസികളും

ബിരിയാണി ചലഞ്ചില്‍ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് സംഭരിച്ചത് അരക്കോടി; സ്‌നേഹവിരുന്നില്‍ കരുത്തായി പ്രവാസികളും
X

ജിദ്ദ: 'നിലച്ചുപോവരുത് പാലിയേറ്റീവ് കെയര്‍' എന്ന സന്ദേശവുമായി മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിനു ആവേശകരമായ പ്രതികരണമാണ് പ്രവാസികളും നാട്ടുകാരും നല്‍കിയത്. മാക് ജിദ്ദ 5,55,555 രൂപയും, സിയ യുഎഇ 4,60,000 രൂപയും പ്രവാസികള്‍ക്ക് ഇടയില്‍നിന്ന് മാത്രമായി സമാഹരിച്ചു. ബിരിയാണി ചലഞ്ചിലൂടെ മുക്കം പാലിയേറ്റീവ് കെയറിനുവേണ്ടി മൊത്തം അരക്കോടിയിലധികം രൂപ സമാഹരിക്കാന്‍ സാധിച്ചെന്ന് ഭാരവാഹികള്‍ പറഞ്ഞു. കിടപ്പുരോഗികളുടെ സാന്ത്വന ചികില്‍സയ്ക്കായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കൊവിഡ് കാലമായതോടെ ഏറെ പ്രയാസത്തിലായിരുന്നു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടിലേയും വിദേശത്തെയും സുമനസ്സുകളുടെ സഹകരണത്തോടെയാണ് ബിരിയാണി ചലഞ്ച് എന്ന ആശയം ഉദിച്ചത്. ഉദാരമതികളും പ്രവാസലോകവും ഒന്നാകെ ഏറ്റെടുത്തപ്പോള്‍ സംഘാടകരുടെ പ്രതീക്ഷയെക്കാള്‍ ആവേശത്തോടെ 53,54,307 വിവിധ ഇനത്തില്‍ സമാഹരിച്ചു. മുക്കം മുനിസിപ്പാലിറ്റിയും സമീപമുള്ള ആറ് ഗ്രാമപഞ്ചായത്തും അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ പ്രവര്‍ത്തകര്‍ 35,000 ബിരിയാണി പൊതികള്‍ നേരിട്ടെത്തിച്ചു. സംഘാടകര്‍ക്ക് പുറമെ 28 സംഘടനകളുടെ 1,500 ഓളം വളണ്ടിയര്‍മാരും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി.

തുടക്കത്തില്‍ 25,000 ബിരിയാണികള്‍ തയ്യാറാക്കി 100 രൂപ നിരക്കില്‍ ജനങ്ങളിലെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ജനങ്ങളുടെ സഹകരണവും പിന്തുണയും തിരിച്ചറിഞ്ഞതോടെ പദ്ധതി വിപുലീകരിച്ച് ബിരിയാണിയുടെ എണ്ണം 35,000 ആക്കുകയായിരുന്നു. 1,500 ഓളം വളണ്ടിയര്‍മാരുടെ വിവിധ ഷിഫ്റ്റുകളിലായുള്ള സേവനം കൃത്യമായി ക്രമപ്പെടുത്തി 52 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു വിതരണം നടന്നത്. കൂട്ടായിമകളും കച്ചവടസ്ഥാപനങ്ങളും റസിഡന്‍സ്് അസോസിയേഷനുകളും കച്ചവടക്കാരും ചേര്‍ന്നാണ് വിഭവങ്ങള്‍ സംഭരിച്ചത്.

സൗജന്യമായി ബിരിയാണി പാകംചെയ്യുവാനായി പാചകത്തൊഴിലാളികളുടെ സംഘടനയായ കേരള സ്‌റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറെഷനും തയ്യാറായി. സൗണ്ടും ലൈറ്റ് സംവിധാനങ്ങളും പ്രാദേശികമായി സൗജന്യമായി ലഭിച്ചു. ജിദ്ദയിലെ മുക്കം പ്രവാസികളുടെ കൂട്ടയ്മയായ മാക് ജിദ്ദ പട്ടണത്തില്‍ മാത്രമായി 1500 ലേറെ പായ്ക്ക് ബിരിയാണി വിതരണം ചെയ്തതായി മാക് ജിദ്ദ പ്രസിഡന്റ് അഷ്‌റഫ് അലി വയലില്‍ പറഞ്ഞു. ഈ ഇനത്തില്‍ അഞ്ചരലഷം രൂപയാണ് സമാഹരിച്ചത്.

മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകാരായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയാണ് മാക് ജിദ്ദ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 40 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചതായി അഷ്‌റഫ് അലി വയലില്‍ പറയുന്നു. ഷെരീഫ് പൂലേരി, മുജീബ് ഉമ്മിണി കരമൂല തുടങ്ങിയവര്‍ ജിദ്ദയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഗ്രെയ്‌സ് ചെയര്‍മാന്‍ പി കെ ശരീഫുദ്ദീന്‍, എം എ അസൈന്‍ മാസ്റ്റര്‍ കക്കാട്, ബക്കര്‍ കളര്‍ ബലൂണ്‍, ടി പി അബൂബക്കര്‍, ചേറ്റൂര്‍ മുഹമ്മദ് ചെറുവാടി തുടങ്ങിയവരും നേതൃത്വം നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it