Gulf

സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ മാത്രം

കബീര്‍ കൊണ്ടോട്ടി

സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ മാത്രം
X

ജിദ്ദ: സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയ്ദ് പറഞ്ഞു. അഞ്ച് വിമാനങ്ങളിലായി 1000 പേരായിരിക്കും അടുത്ത ദിവസങ്ങളില്‍ സൗദിയില്‍ നിന്നു നാട്ടിലെത്തുക. റിയാദില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കു 12.45 ന് കോഴിക്കോട്ടേക്ക് ആദ്യ വിമാനം പുറപ്പെടും. ആദ്യഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്ക് ഉണ്ടാവും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുമാണ് സര്‍വീസ്. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും മറ്റു രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയിലേക്കാണ് പുറപ്പെടുക. യാത്രയ്ക്കു മുമ്പ് കൊവിഡ് 19ന്റെ പ്രാഥമിക പരിശോധനയുണ്ടാവും. ഇന്ത്യയില്‍ എത്തിയാല്‍ മുഴുവന്‍ യാത്രക്കാരും 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. ഗര്‍ഭാവസ്ഥയിലുള്ള നഴ്‌സ്മാര്‍, ഇന്ത്യയില്‍ ചികില്‍സ ആവശ്യമായ രോഗികള്‍, മറ്റു ഗര്‍ഭിണികള്‍ എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന.



എയര്‍ ഇന്ത്യയാണ് മുഴുവന്‍ യാത്രക്കാരെയും നാട്ടിലെത്തിക്കുക. എംബസിയും കോണ്‍സുലേറ്റും തിരഞ്ഞടുക്കുന്ന വ്യക്തികളെ നേരിട്ട് യാത്രാവിവരം അറിയിക്കും. ഇവരുടെ വിവരങ്ങള്‍ എയര്‍ ഇന്ത്യയ്ക്കു കൈമാറും. തിരെഞ്ഞടുക്കുന്നവര്‍ക്ക് നേരിട്ട് എയര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയോ പ്രവര്‍ത്തിക്കുന്ന ഔട്ട് ലെറ്റ്കള്‍ വഴിയോ ടിക്കറ്റ് പര്‍ച്ചേസ് ചെയ്യാം.

ഇതുവരെ 60,000 പേരാണ് ഇന്ത്യന്‍ അംബാസിഡറുടെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. വിവിധ ഘട്ടങ്ങളിലായി എല്ലാവരെയും നാട്ടിലെത്തിക്കും. സൗദിയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നതിനാലും നാട്ടില്‍ ക്വാറന്‍ന്റൈന്‍ സൗകര്യം ഒരുക്കേണ്ടതുകൊണ്ടും ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള ഓപറേഷന്‍ മാത്രമേ നടക്കുകയുള്ളൂ. ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. അതില്‍ 21 പേര്‍ മരണപ്പെട്ടു. ഇവരില്‍ ആറുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ഷെയ്ഖ് പ്രസ് ആന്റ് ഇന്‍ഫോര്‍മേഷന്‍ കോണ്‍സുല്‍ ഹംന മറിയം എന്നിവരും പങ്കെടുത്തു.


Next Story

RELATED STORIES

Share it