Gulf

കൂടുതല്‍ ഇളവുകളുമായി ഖത്തര്‍; ഇന്ത്യാക്കാര്‍ക്ക് രണ്ടുദിവസത്തെ ക്വാറന്റൈന്‍, വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും യാത്രാനുമതി

കൂടുതല്‍ ഇളവുകളുമായി ഖത്തര്‍; ഇന്ത്യാക്കാര്‍ക്ക് രണ്ടുദിവസത്തെ ക്വാറന്റൈന്‍, വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും യാത്രാനുമതി
X

ദോഹ: ഇന്ത്യാക്കാര്‍ക്ക് ഉള്‍പ്പെടെ ക്വാറന്റൈന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി ഖത്തര്‍ ആരോഗ്യമന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഖത്തര്‍ റസിഡന്റ് വിസയില്‍ വരുന്ന പൂര്‍ണമായും വാക്‌സിനെടുത്ത 12 വയസ്സും അതിന് മുകളിലുമുള്ള ഇന്ത്യാക്കാര്‍ക്ക് രണ്ടുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ മതി. ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ പരിശോധന നടത്തും. ഖത്തറിന് പുറത്തുനിന്ന് വാക്‌സിനെടുത്തവരാണെങ്കില്‍ ആന്റിബോഡി പരിശോധനയും വേണം. ഫലം അനുകൂലമാണെങ്കില്‍ ക്വാറന്റൈന്‍ കാലാവധി അവസാനിപ്പിക്കാം.

വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്കും രണ്ടുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ മതി. ഏറെക്കാലമായി കാത്തിരിക്കുന്ന കുട്ടികള്‍ക്കുള്ള യാത്രാ ഇളവ് രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് വാക്‌സിനെടുക്കാതെ വരുന്നവര്‍ക്ക് ഏഴുദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിശ്ചയിച്ചിട്ടുള്ളത്. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 11 വയസ്സും അതിന് താഴെയുമുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും ഇതേ നിയമമാണ്. വാക്‌സിനെടുക്കാത്ത മുതിര്‍ന്നവര്‍ക്ക് ഇന്ത്യയില്‍നിന്ന് വിസിറ്റ് വിസയില്‍ വരാനാവില്ല. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി രാജ്യങ്ങളെ ചുവപ്പ്, പച്ച രാജ്യങ്ങളായി തിരിച്ചിട്ടുണ്ട്. നേരത്തെ ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെയാണ് തിരിച്ചിരുന്നത്.

അതിന് പുറമേ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് ഇന്തോനേസ്യ, കെനിയ, സുദാന്‍ എന്നീ 9 രാജ്യങ്ങളെ സൂപ്പര്‍ റിസ്‌ക് രാജ്യങ്ങളായും (എക്‌സപ്ഷനല്‍ റെഡ് കണ്‍ട്രീസ്) തിരിച്ചിട്ടുണ്ട്. ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ഒഴികെയുള്ളവര്‍ ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റിലെ അണ്ടര്‍ടേക്കിങ് ആന്റ് അക്‌നോളജ്‌മെന്റ് ഫോം ഒപ്പിടണം. ഇഹ്തിറാസ് വെബ്‌സൈറ്റിലും വിമാന കമ്പനികളുടെ ടിക്കറ്റ് എടുക്കുന്ന വേളയിലും ഈ ഫോം ലഭ്യമാവും. ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ഒഴിവാക്കി.

Next Story

RELATED STORIES

Share it