Gulf

ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലകളിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ

ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലകളിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ
X

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി മാനവ വിഭവശേഷി മന്ത്രാലയം. ഭക്ഷ്യ വിപണന വിതരണമേഖല, പ്രൊജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നത്. സൗദിയില്‍ ആറ് മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഈ വര്‍ഷം 30 മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് വര്‍ഷാരംഭത്തില്‍ മാനവ വിഭവശേഷി മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍റജ്ഹി പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടികള്‍.

നിശ്ചിത ശതമാനം തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് പദ്ധതി. നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സ്വദേശില്‍വല്‍ക്കരണത്തിനുള്ള മേഖലകള്‍ തിരഞ്ഞെടുക്കുന്നത്. വ്യോമയാന തൊഴിലുകള്‍, വാഹന പരിശോധന ജോലികള്‍, തപാല്‍ സേവനങ്ങള്‍, പാഴ്‌സല്‍ ഗതാഗതം, ഉപഭോക്തൃസേവന ജോലികള്‍, ഏഴ് സാമ്പത്തിക മേഖലയിലെ വില്‍പ്പന ഔട്ട്‌ലെറ്റുകള്‍ എന്നീ ആറ് മേഖലകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

ഇത് വഴി 33,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് മന്ത്രാലയം പറയുന്നത്. സ്വദേശിവല്‍ക്കരണത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഘട്ടം ഘട്ടമായാണു സ്വദേശിവല്‍ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടം 2023 മാര്‍ച്ച് 15 നാണ് ആരംഭിക്കുക. രണ്ടാംഘട്ടം 2024 മാര്‍ച്ച് നാലുമുതലാണ് ആരംഭിക്കുക. നാലോ അതിലധികമോ പേര്‍ ജോലിചെയ്യുന്ന സൗദിയിലെ എല്ലാ ഒപ്റ്റിക് സ്ഥാപനങ്ങളിലും 2023 മാര്‍ച്ച് 18 മുതല്‍ 50 ശതമാനം ജീവനക്കാര്‍ സ്വദേശികളാവണം.

Next Story

RELATED STORIES

Share it