Gulf

സൗദിയില്‍ വനിതാ ആക്ടിവിസ്റ്റ് ലൂജെയ്ന്‍ അല്‍ ഹത്‌ലോളിന് മൂന്നുവര്‍ഷത്തിനുശേഷം ജയില്‍മോചനം

ബന്ധുക്കളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലൂജെയ്‌നിന്റെ മോചനം സാധ്യമായത്. സൗദി വിരോധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018ലാണ് ലൂജെയ്‌നെയും മറ്റുചില സാമൂഹികപ്രവര്‍ത്തകരെയും അറസ്റ്റുചെയ്തത്.

സൗദിയില്‍ വനിതാ ആക്ടിവിസ്റ്റ് ലൂജെയ്ന്‍ അല്‍ ഹത്‌ലോളിന് മൂന്നുവര്‍ഷത്തിനുശേഷം ജയില്‍മോചനം
X

റിയാദ്: ഭീകരപ്രവര്‍ത്തനം ആരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച പ്രശസ്ത വനിതാ അവകാശപ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്‌ലോള്‍ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ജയില്‍മോചിതയായി. ലൂജെയ്‌നിന്റെ സഹോദരി ലിനയാണ് വാര്‍ത്ത പുറത്തുവിട്ടത്. പുഞ്ചിരിക്കുന്ന ലൂജെയ്‌ന്റെ ചിത്രം ട്വിറ്ററില്‍ സഹോദരി ലിന പങ്കുവച്ചു. തടങ്കലിലായതിനുശേഷം രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ രാഷ്ട്രീയ തടവുകാരിയുടെ ആദ്യചിത്രം. ''ലൂജെയ്ന്‍ വീട്ടിലാണ് '' 1001 ദിവസത്തെ ജയില്‍വാസത്തിനുശേഷം വീട്ടില്‍ എന്ന കുറിപ്പോടെയായിരുന്നു സന്ദേശം. ലൂജെയ്ന്‍ വീട്ടിലുണ്ട്, പക്ഷേ അവള്‍ സ്വതന്ത്രനല്ല. പോരാട്ടം അവസാനിച്ചിട്ടില്ല- ലിന കൂട്ടിച്ചേര്‍ത്തു.

ബന്ധുക്കളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലൂജെയ്‌നിന്റെ മോചനം സാധ്യമായത്. സൗദി വിരോധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018ലാണ് ലൂജെയ്‌നെയും മറ്റുചില സാമൂഹികപ്രവര്‍ത്തകരെയും അറസ്റ്റുചെയ്തത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയാണ് ലൂജെയ്‌നെ ശിക്ഷിച്ചത്. ലൂജെയ്‌നിന് അഞ്ചുവര്‍ഷവും എട്ടുമാസവുമാണ് തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍, ഭാഗികമായി ശിക്ഷ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് മോചനം നേരത്തെയാക്കിയതെന്ന് കുടുംബം വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ലൂജെയ്‌നിനെ കുടുംബത്തിന് വിട്ടുനല്‍കിയത്. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി പോരാടിയവരില്‍ 31 കാരിയായ ലൂജെയ്‌നുമുണ്ടായിരുന്നു.

പിന്നീട് ജയിലില്‍ അടയ്ക്കപ്പെട്ട ലൂജെയ്‌നിന്റെ മോചനത്തിനായി അവരുടെ കുടുംബവും അന്താരാഷ്ട്ര സംഘടനകളും കാംപയിനുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ഒരു വിദേശ അജണ്ട മുന്നോട്ടുവച്ചതായും പൊതുക്രമത്തിന് ഹാനികരമായ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതായുമാണ് ഇവര്‍ക്കതിരേ ആരോപിക്കപ്പെട്ട കുറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, രാജ്യത്ത് വ്യാപകമായ സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമായതും വിയോജിപ്പിനെ നിഷ്‌കരുണം അടിച്ചമര്‍ത്തുന്നതുമാണെന്നുള്ള വിമര്‍ശനം ലൂജെയ്‌ന്റെ മോചനത്തിന് തിരിച്ചടിയായിരുന്നു. ജയിലില്‍ വനിതാ പ്രവര്‍ത്തകരോടൊപ്പം ലൂജെയ്ന്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനിടെ മുഖംമൂടി ധരിച്ച പുരുഷന്‍മാര്‍ തന്നെ പീഡിപ്പിച്ചെന്നും ലൂജെയ്ന്‍ സൗദി ജഡ്ജിമാരോട് പറഞ്ഞിരുന്നു. ജയില്‍മോചിതയായെങ്കിലും പ്രത്യേക നിരീക്ഷണത്തിലാണ് ലൂജെയ്ന്‍. സൗദി അറേബ്യയില്‍നിന്ന് പുറത്തുപോവുന്നതിനും വിലക്കുണ്ട്. ലൂജെയ്‌ന്റെ മോചനത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. ഇത് ശരിയായ കാര്യമാണ്. അവളെ ഒരിക്കലും ജയിലില്‍ അടയ്ക്കരുതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്നത് ഒരിക്കലും കുറ്റകരമാക്കരുത്- സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

Next Story

RELATED STORIES

Share it