Gulf

വാക്‌സിനെടുത്താലും ക്വാറന്റൈനില്‍ കഴിയണം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായുള്ള യാത്രാനയം പുതുക്കി ഖത്തര്‍

വാക്‌സിനെടുത്താലും ക്വാറന്റൈനില്‍ കഴിയണം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായുള്ള യാത്രാനയം പുതുക്കി ഖത്തര്‍
X

ദോഹ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാനയം ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുതുക്കി. ഇതനുസരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റൈനില്‍ കഴിയണം. ആഗസ്ത് രണ്ടുമുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അറിയിച്ചു.

ഖത്തറില്‍ നിന്ന് വാക്‌സിനെടുക്കുകയോ 12 മാസത്തിനുള്ളില്‍ കൊവിഡ് വന്ന് ഭേദമാവുകയോ ചെയ്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് രണ്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ ഒഴിവാക്കും. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്ന ബാക്കി മുഴുവന്‍ യാത്രക്കാരും 10 ദിവസത്തെ ക്വാറന്റൈനല്‍ കഴിയണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ വെബ്‌സൈറ്റിലും ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ കൈയില്‍ ചുരുങ്ങിയത് രണ്ട് ദിവസത്തെ ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്കിങിനുള്ള രേഖ ആവശ്യമാണെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഡിസ്‌കവര്‍ ഖത്തര്‍ വഴിയാണ് ക്വാറന്റൈന്‍ ബുക്കിങ് നടത്തേണ്ടത്.

ഖത്തറിന് പുറത്ത് നിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. ഇത്തരക്കാര്‍ 10 ദിവസം ഹോട്ടല്‍ ബുക്കിങിനുള്ള രേഖ കൈയില്‍ കരുതണം. വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തതോ വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവരോ ആയ യാത്രക്കാരും കൂടെ വരുന്ന കുട്ടികളും 10 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. 17 വയസ്സ് വരെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികളെ രക്ഷിതാക്കള്‍ രണ്ടുപേരും വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കും. ഇവര്‍ 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. 12 വയസ്സും അതിന് മുകളിലും പ്രായമുള്ള യാത്രക്കാര്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുമ്പോള്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും 12 വയസ്സിന് മുകളിലുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും സന്ദര്‍ശക വിസയില്‍ യാത്ര അനുവദിക്കില്ലെന്നും ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Should be in quarantine even if vaccinated; Qatar revises travel policy for Indians

Next Story

RELATED STORIES

Share it