Gulf

സോഷ്യല്‍ ഫോറം ഇടപെട്ടു; മഹേഷ് കുമാറിന്റെ മൃതദേഹം ഏഴുമാസത്തിനു ശേഷം നാട്ടിലെത്തിച്ചു

സോഷ്യല്‍ ഫോറം ഇടപെട്ടു; മഹേഷ് കുമാറിന്റെ മൃതദേഹം ഏഴുമാസത്തിനു ശേഷം നാട്ടിലെത്തിച്ചു
X


ഡല്‍ഹിയിലെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ മഹേഷ് കുമാറിന്റെ സഹോദരന്‍ അജയ്‌ക്കൊപ്പം


ഡല്‍ഹിയിലെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ മഹേഷ് കുമാറിന്റെ സഹോദരന്‍ അജയ്‌ക്കൊപ്പം എയര്‍പോര്‍ട്ടില്‍

ജിദ്ദ: മദീനയിലെ മഹാറാതുല്‍ ഇസ്തിഖ്ദാം മാന്‍പവര്‍ കമ്പനിയില്‍ റെസ്റ്റോറന്റ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തര്‍ പ്രദേശ് സീതാപുര്‍ സ്വദേശി മഹേഷ് കുമാറി(34)ന്റെ മൃതദേഹം ഏഴു മാസത്തിനു ശേഷം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങ്ങിന്റെ ഇടപെടല്‍ മൂലം നാട്ടിലെത്തിച്ചു. രണ്ടര വര്‍ഷം മുമ്പാണ് മഹാറാതുല്‍ ഇസ്തിഖ്ദാം മാന്‍പവര്‍ കമ്പനിയില്‍ മഹേഷ് കുമാര്‍ ഹോട്ടല്‍ ജോലിക്കുള്ള വിസയില്‍ എത്തിയത്. ജോലിയിലിരിക്കെ കഴിഞ്ഞ മാര്‍ച്ച് 19ന് താമസസ്ഥലത്തുവച്ച് മരണപ്പെട്ടു. തുടര്‍ന്ന് കമ്പനി അധികൃതര്‍ മഹേഷ് കുമാറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കൊവിഡ് 19 മൂലമുണ്ടായ കര്‍ഫ്യു കാരണം കമ്പനി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികളും നിലച്ചു. ഇതോടെ, മൃതദേഹം മദീന കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

ഇതിനിടെ കര്‍ഫ്യൂ ഇളവില്‍ കമ്പനി പ്രവര്‍ത്തനക്ഷമമായപ്പോഴാണ് മഹേഷ് കുമാര്‍ മരണപ്പെട്ട സംഭവം പലരും അറിയുന്നത്. അതേ കമ്പനിയില്‍ ജോലിചെയ്യുന്ന മഹേഷിനെ അറിയുന്ന ഒരു സുഹൃത്ത് ജിദ്ദയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വോളന്റിയര്‍ മുജീബ് കുണ്ടൂരിനെ വിവരമറിയിച്ച് സഹായമഭ്യര്‍ഥിച്ചു. മദീന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളായ കെ പി മുഹമ്മദ്, നിയാസ് അടൂര്‍, വെല്‍ഫെയര്‍ വിങ് കോ-ഓഡിനേറ്റര്‍ അബ്ദുല്‍ അസീസ് കുന്നുംപുറം, അശ്‌റഫ് ചൊക്ലി എന്നിവരുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയും നടപടികള്‍ എളുപ്പമാക്കാന്‍ നീക്കം നടത്തുകയും ചെയ്തു. സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്‌റ്റേറ്റ് കമ്മിറ്റി എക്‌സിക്യുട്ടീവ് മെംബര്‍ സല്‍മാന്‍ അഹ്മദ് ലഖ്‌നോ മുഖേന എസ് ഡിപിഐ ഉത്തര്‍പ്രദേശ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ സീതാപൂരിന്നടുത്ത ബെഹ്തി, സുന്‍ദൗലി എന്ന സ്ഥലത്ത് മഹേഷ് കുമാറിന്റെ സഹോദരനെ കണ്ടെത്തി. ഇദ്ദേഹത്തെ വിവരങ്ങള്‍ ബോധിപ്പിക്കുകയും രേഖകള്‍ സംബന്ധമായ നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തു. സത്ഗുര്‍-ഗീത ദമ്പതികളുെടെ മകനാണ് മഹേഷ് കുമാര്‍. നിര്‍ധദ്ധന കുടുംബത്തിന്റെ അത്താണിയായിരുന്ന മഹേഷിന് ഭാര്യയും നാലു കുട്ടികളുമുണ്ട്. രേഖകള്‍ സംബന്ധമായ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മദീനയില്‍ നിന്നു റിയാദ് വഴി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ചോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തി മഹേഷ് കുമാറിന്റെ സഹോദരന്‍ അജയ് കുമാര്‍, ഡല്‍ഹിയിലെ എസ് ഡിപിഐ പ്രവര്‍ത്തകരായ ഫൈസാന്‍, ആകാശ്, മഹ്ഫൂസ്, അതുല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ആംബുലന്‍സില്‍ സ്വദേശമായ സീതാപൂരിലേക്കു കൊണ്ടുപോയി. മൃതദേഹം നാട്ടിലേക്കെത്തിക്കാനായി സോഷ്യല്‍ ഫോറം വോളന്റിയര്‍മാരായ ഹസയ്‌നാര്‍ മാരായമംഗലം, മഷ്ഹൂദ് ബാലരാമപുരം(ജിദ്ദ), കെ പി മുഹമ്മദ് വെളിമുക്ക്, സെക്രട്ടറി നിയാസ് അടൂര്‍, അസീസ് കുന്നുംപുറം, അശ്‌റഫ് ചൊക്ലി(മദീന) എന്നിവര്‍ രംഗത്തുണ്ടായിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സഹോദരന്റെ മൃതദേഹം അവസാനനോക്ക് കാണാന്‍ കുടുംബത്തിലെത്തിക്കാന്‍ സഹായിച്ച സോഷ്യല്‍ഫോറം ഭാരവാഹികളോടും എസ് ഡിപിഐ ഉത്തര്‍പ്രദേശ്, ഡല്‍ഹി ഭാരവാഹികളോടും തങ്ങളുടെ കുടുംബത്തിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി മഹേഷിന്റെ സഹോദരന്‍ അജയ് കുമാര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it