Gulf

പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍

പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍
X

അബഹ: കൊവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്ന വിദേശത്തും സ്വദേശത്തുമുള്ള പ്രവാസികള്‍ക്ക് ഉപാധിരഹിത പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു. വിദേശത്തുള്ള വിദഗ്ധ-അവിദഗ്ധ മേഖലയിലെ പ്രവാസികളുടെ അധ്വാനഫലം മാറിമാറി വരുന്ന സര്‍ക്കാറുകളും വിവിധ സംഘടനകളും വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ല് തന്നെ പ്രവാസികളാണ്. ദുരന്തങ്ങളും മറ്റു ദുരിതങ്ങളുമുണ്ടാവുമ്പോള്‍ പിറന്ന നാടിനെ നെഞ്ചോട് ചേര്‍ക്കുന്ന പ്രവാസികള്‍ക്ക് വേണ്ടത്ര പരിഗണന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് ഈ മഹാമാരിയുടെ സമയത്തെങ്കിലും പ്രവാസികള്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയില്ലാതെ കഴിയുന്ന പ്രവാസികള്‍ക്ക് നാടണയാന്‍ പ്രതേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കുകയും വിമാനത്താവളത്തിലിറങ്ങുമ്പോള്‍ തന്നെ റാപിഡ് ടെസ്റ്റ് നടത്തി നീരീക്ഷണം ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം.

ഇന്ത്യയില്‍ നിന്ന് അന്യരാജ്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്ന അധികാരികള്‍ സ്വന്തം പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അലസത കാണിക്കരുത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോയി സുരക്ഷയൊരുക്കിയ ഈജിപ്ത്, ഫിലിപ്പൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടല്‍ നമ്മുടെ മുമ്പിലുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാസികളുടെ കൂടെ നില്‍ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാംസ്‌കാരിക സാമൂഹിക മനസാക്ഷി തയ്യാറാവണം. വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ മേഖലാ പ്രസിഡന്റ് കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. സിസിഡബ്ല്യുഎ മെംബര്‍മാരായ ഹനീഫ് മഞ്ചേശ്വരം, സെയ്ത് മൗലവി അരീക്കോട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലീം കര്‍ണാടക ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, മേഖലാ കമ്മിറ്റി സെക്രട്ടറി ഹനീഫ ചാലിപ്രം പങ്കെടുത്തു.




Next Story

RELATED STORIES

Share it