Gulf

നീതിക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ചു നീങ്ങണം: ബീമാപള്ളി ജിസിസി പ്രവാസി കൂട്ടായ്മ

സൗദി അറേബ്യക്ക് പുറമെ, കുവൈത്ത്, ഖത്തര്‍, ദുബായ് എന്നിവിടങ്ങളിലുള്ള ബീമാപ്പള്ളി നിവാസികളുടെ സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളും സംഗമത്തില്‍ പങ്കെടുത്തു.

നീതിക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ചു നീങ്ങണം: ബീമാപള്ളി ജിസിസി പ്രവാസി കൂട്ടായ്മ
X

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബീമാപള്ളി നിവാസികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം പ്രത്യാശയും ആവേശവുമായി.

2019 മെയ് 23നു ബീമാപ്പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ നേരിടാനെന്ന പേരില്‍ അന്നത്തെ ഇടതു സര്‍ക്കാരിന്റെ പോലിസ് ഒരു വിഭാഗത്തിന്റെ നേരെ മാത്രം വെടിവെപ്പ് നടത്തുകയും തുടര്‍ന്ന് ആറു പേരുടെ ജീവന്‍ പൊലിയുകയും നിരവധി പേര്‍ ഇന്നും ജീവച്ഛവമായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ സംഭവത്തിലെ ഇരകള്‍ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബീമാപള്ളി പ്രദേശത്തെ വിവിധ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മകള്‍ ചേര്‍ന്ന് നടത്തിയ വീഡിയോ കോണ്‍ഫറണ്‍സിങ് ഡിസ്‌കഷന്‍ പുതിയ അനുഭവമായി.

സൗദി അറേബ്യക്ക് പുറമെ, കുവൈത്ത്, ഖത്തര്‍, ദുബായ് എന്നിവിടങ്ങളിലുള്ള ബീമാപ്പള്ളി നിവാസികളുടെ സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളും സംഗമത്തില്‍ പങ്കെടുത്തു. കോടിയേരിയുടെ പോലീസ് നടത്തിയ ഏകപക്ഷീയമായ നരനായാട്ടില്‍ ഇരകള്‍ക്കു നീതി ലഭിക്കാന്‍ നിയമപരമായി ഏതറ്റം വരെ പോവണമെന്നും അതിനായി അഭ്യുദയ കാംക്ഷികളുടെ സഹകരണം ലഭിക്കേണ്ടതുണ്ടെന്നും കൂട്ടായ്മ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ബീമാപ്പള്ളി പ്രദേശത്തുകാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്ന പല വിഷയങ്ങളും വിവിധ പ്രദേശങ്ങളില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പ്രതിനിധികള്‍ ഉന്നയിച്ചു. വിദൂര ദേശങ്ങളില്‍ ജോലി ചെയ്യുന്ന ബീമാപ്പളളി സമൂഹം മാറിയ കാലത്ത് നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഒറ്റ മനസ്സായി നിലനില്‍ക്കാനുമുള്ള പ്രതിജ്ഞയോടെയാണ് സംഗമത്തിന് സമാപനമായത്.

കൊറോണ വ്യാപനം മൂലമുള്ള ലോക്ക് ഡോണിലും കര്‍ഫ്യുവിലും രാഷ്ട്രീയ സാംസകാരിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നമനത്തിനും ബീമാപ്പള്ളി പ്രദേശത്തിന്റെ പുരോഗതിക്കും വേണ്ടി ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും സംഗമം സന്ദേശം നല്‍കി. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സഹായ പദ്ധതികളില്‍പ്പോലും ബീമാപള്ളി പ്രദേശത്തുകാരോട് വിരോധം തീര്‍ക്കുന്ന വിധമാണ് ഭരണകൂടം പെരുമാറുന്നത്. നീതിപുലരാനും സമാധാന ജീവിതം നിലനില്‍ക്കാനും നീതിന്യായ സ്ഥാപനങ്ങളില്‍ നിന്നും ഗുണപരമായ നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്നും സംഗമം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗനി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി ഉദ്‌ബോധന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി ആശംസകളര്‍പ്പിച്ചു. സിനാന്‍ ഫൈസല്‍, മാഹിന്‍, ജഹാംഗീര്‍, അമീന്‍ ശാഹുല്‍ ഹമീദ്, നവാസ് സയ്ദ്, ഫാറൂഖ്, അബ്ദുല്ല, ഫിറോസ് മാഹിന്‍, നിസാം, ശഫീഖ്, ശരീഫ്, ഖാജാ, ഹക്കീം, ബാദുഷ, മുഹമ്മദ് അലി, ഇബ്രാഹിം യാസിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ റാഫി ബീമാപ്പള്ളി, അബ്ദുല്‍ റഷീദ് ബീമാപ്പള്ളി, നജീബ് ബുര്‍ഹാനി എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it