Gulf

ഇടതുവലത് മുന്നണികളുടെ സംഘിവിരുദ്ധത തട്ടിപ്പ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ആര്‍എസ്എസ് നിയന്ത്രിത സംഘപരിവാര്‍ ഭീകരതയെ പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് അനിവാര്യഘട്ടങ്ങളിലെല്ലാം ഇടതുവലത് മുന്നണികള്‍ സ്വീകരിച്ചിട്ടുള്ളത്

ഇടതുവലത് മുന്നണികളുടെ സംഘിവിരുദ്ധത തട്ടിപ്പ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X
ജിദ്ദയില്‍ നടന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: സംഘപരിവാര ഫാഷിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇടതുവലത് മുന്നണികള്‍ പൂര്‍ണപരാജയമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപങ്ങളും തല്ലിക്കൊലകളും പതിവാക്കിയ ആര്‍എസ്എസ് നിയന്ത്രിത സംഘപരിവാര്‍ ഭീകരതയെ പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് അനിവാര്യഘട്ടങ്ങളിലെല്ലാം ഇടതുവലത് മുന്നണികള്‍ സ്വീകരിച്ചിട്ടുള്ളത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനു പകരം പരസ്പരം പോരടിക്കുകയാണ് ഇരുമുന്നണികളും. അതിനാല്‍ ഫാസിസ്റ്റുകള്‍ക്കെതിരേ വ്യവസ്ഥാപിതമായി ശബ്ദിക്കുന്ന യഥാര്‍ഥ ബദല്‍ രാഷ്ട്രീയത്തിനു കരുത്തുപകരല്‍ ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ പറഞ്ഞു. ബിജെപി നടപ്പാക്കിയ ജനദ്രോഹ നടപടികള്‍ തിരുത്തല്‍, ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ഇരുമുന്നണികളും പ്രകടന പത്രികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയില്‍ മുസ്‌ലിം വിഭാഗത്തില്‍പെട്ട നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നുപോലും അകറ്റിനിര്‍ത്തുന്ന കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രേമം വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള കപട നാടകമാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് മേനിനടിച്ച് വ്യാപക പ്രചരണം നടത്തുന്ന ഇടതുപക്ഷം സംസ്ഥാനത്ത് ആര്‍എസ്എസിനെ തടയിടുന്നതിനു പകരം വളരാന്‍ ആവശ്യമായ നിലമൊരുക്കുകയാണ്. ബോംബ് നിര്‍മാണത്തിനിടെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വന്‍സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുപോലും ഇതിനു പിന്നിലെ യഥാര്‍ഥ്യ പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ല. കേരളത്തില്‍ സിപിഎം ഭരണത്തില്‍ കയറിയശേഷം കൊടിഞ്ഞി ഫൈസല്‍ അടക്കം നിരവധി പേരെ ഹിന്ദുത്വര്‍ കൊല ചെയ്തപ്പോഴും പോലിസ് നിസ്സംഗത പാലിക്കുകയായിരുന്നു. അതിനാല്‍ സംഘപരിവാര പ്രത്യയശാസ്ത്രത്തെയും ഗൂഢശ്രമങ്ങളെയും വ്യവസ്ഥാപിതമായി ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുന്ന എസ്ഡിപിഐയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് ബദല്‍ രാഷ്ട്രീയത്തിനു ശക്തിപകരണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷനില്‍ ഹസന്‍ മങ്കട വിഷയം അവതരിപ്പിച്ചു. മുജീബ് അഞ്ചച്ചവിടി, റാഫി ചേളാരി സംസാരിച്ചു.




Next Story

RELATED STORIES

Share it