Gulf

ഖത്തീഫിലെ ആശുപത്രിയില്‍ അബോധാവാസ്ഥയില്‍ കഴിഞ്ഞ വാസുദേവന്‍ മരണത്തിനു കീഴടങ്ങി

രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന വാസുദേവന്‍ ഒന്നരവര്‍ഷം മുമ്പാണ് സ്‌പോണ്‍സറുടെ മരണത്തെ തുടര്‍ന്ന് മറ്റൊരു സൗദിയുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറിയത്.

ഖത്തീഫിലെ ആശുപത്രിയില്‍ അബോധാവാസ്ഥയില്‍ കഴിഞ്ഞ വാസുദേവന്‍ മരണത്തിനു കീഴടങ്ങി
X

ദമ്മാം: താമസസ്ഥലത്ത് കുഴഞ്ഞുവീണ് ഖത്തീഫിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്‍ മരണത്തിനു കീഴടങ്ങി. രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന വാസുദേവന്‍ ഒന്നരവര്‍ഷം മുമ്പാണ് സ്‌പോണ്‍സറുടെ മരണത്തെ തുടര്‍ന്ന് മറ്റൊരു സൗദിയുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറിയത്. എന്നാല്‍, പുതിയ സ്ഥാപനം നിയമക്കുരുക്കില്‍പെട്ടതോടെ ഇദ്ദേഹത്തിന് ഇഖാമയും ഇന്‍ഷൂറന്‍സും പുതുക്കാന്‍ സാധിച്ചിരുന്നില്ല.

നാട്ടില്‍ ഏക മകള്‍ അശ്വനിയുടെ വിവാഹനിശ്ചയത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നതിലുള്ള വിഷമം സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. അന്ന് രാത്രിയാണ് മുറിയില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. വാസുദേവന് ആരോഗ്യ ഇന്‍ഷൂറന്‍സില്ലാത്തതിനാല്‍ ഭീമമായ സംഖ്യ ആശുപത്രിയില്‍ ബില്‍ വന്നിരുന്നു. ഈ വിവരം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയര്‍ ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും വാസുദേവനെ ഹോസ്പിറ്റലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തുകയും എംബസി ഇതിനായി ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിയാദിലുള്ള അനുജന്‍ സുരേന്ദ്രനെ വരുത്തുകയും നാട്ടിലെ അടുത്ത കുടുംബാംഗങ്ങളുമായി ആലോചിച്ച് ഇദ്ദേഹത്തിന് വിദഗ്ധചികില്‍സ നല്‍കാനുള്ള ശ്രമത്തിലായിരുന്നു.

ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദവും ഷുഗറും നിയന്ത്രണവിധേയമായാല്‍ സര്‍ജറി ചെയ്യാനുള്ള ഡോക്ടര്‍മാരുടെ ശ്രമം തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു അറിവുമില്ലാതിരുന്ന പുതിയ സ്‌പോണ്‍സറെ കണ്ടെത്താനും പാസ്‌പോര്‍ട്ട് വീണ്ടെടുക്കാനും കഴിഞ്ഞതായി സാമൂഹ്യപ്രവര്‍ത്തകനായ നമീര്‍ ചെറുവാടി പറഞ്ഞു. സാമ്പത്തികപ്രയാസങ്ങള്‍ കാരണം വാസുദേവന്‍ നാട്ടില്‍ പോയിട്ട് മൂന്നരവര്‍ഷത്തോളമായി. വാസുദേവന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനായി ഷാഫി വെട്ടത്തിനെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മുതദേഹത്തെ സോഷ്യല്‍ ഫോറം വളണ്ടിയര്‍ അനുഗമിക്കുമെന്നും ഷാഫി വെട്ടം, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it