Pravasi

ഫാത്തിമ ലത്തീഫ് കാംപസ് കാവി വല്‍ക്കരണത്തിന്റെ ഇര: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചുപോരുന്നത്.

ഫാത്തിമ ലത്തീഫ് കാംപസ് കാവി വല്‍ക്കരണത്തിന്റെ ഇര: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: ഇന്ത്യയില്‍ വിദ്യാഭാസ മേഖലയില്‍ ആസൂത്രിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന കാവി വല്‍ക്കരണത്തിന്റെ ഇരയാണ് ഫാത്തിമ ലത്തീഫെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് കമ്മറ്റി പ്രസ്താവിച്ചു. ഐഐടിയില്‍ നടന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് ഐഎസ്എഫ് റിയാദ് സ്‌റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഉന്നത കലാലയങ്ങളില്‍ നടക്കുന്ന പീഡനങ്ങളും വിവേചനങ്ങളും മനുസ്മൃതി കാലത്തെ ഓര്‍മിപ്പിക്കുന്ന ഭീകര കൃത്യങ്ങളാണ്. സമൂഹത്തെ അവിടേക്ക് തിരിച്ചു നടത്താനുള്ള സവര്‍ണ മാടമ്പിമാരുടെ ആസൂത്രിത ശ്രമങ്ങള്‍ എന്ത് വില കൊടുത്തും ഇല്ലായ്മ ചെയ്യണമെന്ന് പ്രേമേയം ആവശ്യപ്പെട്ടു.

രോഹിത് വെമുലയുടെയും മുഹമ്മദ് നജീബിന്റെയും ജീവനുകളെടുത്ത സവര്‍ണ കോമരങ്ങള്‍ കാംപസുകളില്‍ വീണ്ടും അവരുടെ തേര്‍വാഴ്ച തുടരുന്നത് ഇന്ത്യന്‍ സമൂഹത്തോടുള്ള അവരുടെ നികൃഷ്ട സമീപനമാണ് വെളിവാക്കുന്നത്. അതിനെതിരെ നടന്ന പ്രോക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഈ സവര്‍ണ മേലാളന്മാരെ അശേഷം അലോസരപ്പെടുത്തുന്നില്ല എന്നതാണ് ഫാത്തിമ ലതീഫിന്റെ ദുരൂഹ മരണം വിളിച്ചു പറയുന്നത്. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചുപോരുന്നത്.

ദലിത്-പിന്നാക്ക-ന്യൂപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉന്നതമായ വിദ്യാലയങ്ങളിലേക്ക് കടന്നുവരാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍ ചെയ്യുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്ത സംഭവം ദേശീയതലത്തിന്‍ വരെ വന്‍വിവാദമായിട്ടുപോലും എന്തെങ്കിലും നടപടിയോ അന്വേഷണമോ ഇതുവരെയുണ്ടായിട്ടില്ല.

വിദ്യാര്‍ഥികള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ആഭ്യന്തര അന്വേഷണസമിതി രൂപീകരിക്കാനും ഐഐടി അധികൃതര്‍ തയ്യാറായിട്ടുമില്ല.സോഷ്യല്‍ ഫോറം റിയാദ്, കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് എന്‍ എന്‍ പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ എ വൈ ഉസ്മാന്‍, മെഹിനുദ്ദീന്‍ മലപ്പുറം, വിവിധ ബ്ലോക്ക് കമ്മറ്റി നേത്യത്വങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it