Pravasi

കൊറോണ: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ഖത്തര്‍ നിവാസികള്‍ക്കും ചികില്‍സ ലഭിക്കുമെന്ന് അല്‍ ഉബൈദ്‌ലി ഉറപ്പ് നല്‍കി.

കൊറോണ: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം
X

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നു ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ജീവനക്കാര്‍ക്ക് ശമ്പളവും വാടകയും നല്‍കാന്‍ ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കമ്പനികളുടെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ഇതിനാവശ്യമായ ലോണ്‍ ലഭ്യമാക്കും. തുടര്‍ന്ന് ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് വേതനവും വാടകയും നല്‍കുക. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ബാങ്കുകളെ സമീപിച്ചാല്‍ ലഭിക്കുമെന്നും തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജീവനക്കാര്‍ക്ക് ശമ്പളവും വാടകയും നല്‍കാന്‍ ബുദ്ധിമുട്ടുന്ന കമ്പനികളെ സഹായിക്കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം 300 കോടി റിയാലിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനുപുറമെ വേതനവുമായോ തൊഴിലുമായോ ബന്ധപ്പെട്ട എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് ബന്ധപ്പെടാന്‍ ഹോട്ട്‌ലൈന്‍ നമ്പര്‍ പുറത്തിറക്കി. 92727 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ എസ്എംഎസ് അയക്കാം. 5 എന്ന നമ്പറും തുടര്‍ന്ന് ഖത്തര്‍ ഐഡി നമ്പറുമാണ് എസ്എംഎസ് അയക്കേണ്ടത്. ഐഡി ഇല്ലെങ്കില്‍ വിസ നമ്പര്‍ നല്‍കാം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നമ്പറില്‍ എല്ലാ ഭാഷകളിലും ലഭ്യമാവും.

തൊഴിലാളികളെ പിരിച്ചുവിടുന്നത് ഖത്തര്‍ തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചായിരിക്കണമെന്നും നിബന്ധനയുണ്ട്. അവരുടെ മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം. ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ഇവിടെ തുടരുന്ന കാലത്തോളം ഭക്ഷണ-താമസ സൗകര്യമൊരുക്കേണ്ടതും തൊഴിലുടമയാണ്. കൊറോണ ക്വാറന്റൈന്‍ മൂലം ജോലി ചെയ്യാനാവാത്ത ജീവനക്കാരുടെ ശമ്പളം പൂര്‍ണമായും തൊഴിലുടമ നല്‍കണം. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണം നാട്ടില്‍ നിന്ന് തിരിച്ചുവരാനാവാത്ത തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയില്ല. ഇക്കാര്യത്തില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ധാരണയിലെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ അധികൃതര്‍ ഇടപെടും. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ഖത്തര്‍ നിവാസികള്‍ക്കും ചികില്‍സ ലഭിക്കുമെന്ന് അല്‍ ഉബൈദ്‌ലി ഉറപ്പ് നല്‍കി. അനധികൃത താമസക്കാരന്‍ ആണെങ്കില്‍ പോലും സൗജന്യ ചികില്‍സ ലഭിക്കും. വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. തൊഴിലാളി, തൊഴിലുടമ, സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദ്‌ലി പറഞ്ഞു.




Next Story

RELATED STORIES

Share it