Cricket

ജൊഹന്നാസ്ബര്‍ഗില്‍ തീപ്പൊരി കൂട്ട്‌കെട്ട്; സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജൊഹന്നാസ്ബര്‍ഗില്‍ തീപ്പൊരി കൂട്ട്‌കെട്ട്; സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
X

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ട്വന്റി-20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. അഭിഷേക് ശര്‍മയുടെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയില്‍ തിലക് നേടുന്ന തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. സഞ്ജുവിന്റേത് പരമ്പരയിലെ രണ്ടാം സെഞ്ചുറിയും. കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 210 റണ്‍സാണ് കൂട്ടിചേര്‍ത്തത്.


ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേക് നാല് സിക്സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. തിലകായിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. 47 പന്തുകള്‍ നേരിട്ട തിലക് 10 സിക്സും ഒമ്പത് ഫോറും നേടി. 56 പന്തില്‍ നിന്ന് ഒമ്പത് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംങ്സ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.


ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 സ്‌കോറാണിത്. ഒന്നാമത്തേതും ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു. രണ്ടിലും സഞ്ജുവിന്റെ സെഞ്ചുറിയുണ്ട് എന്നതും പ്രത്യേകതയാണ്. ട്വന്റി-20 ചരിത്രത്തതില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യതാരമാണ് സഞ്ജു. ഐ.സി.സി. ഫുള്‍ മെമ്പേഴ്സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെ.












Next Story

RELATED STORIES

Share it