Cricket

ഐപിഎല്‍; ചെന്നൈ-കൊല്‍ക്കത്താ ഫൈനല്‍; ഡല്‍ഹി കീഴടങ്ങി

കൊല്‍ക്കത്തന്‍ നിരയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.

ഐപിഎല്‍; ചെന്നൈ-കൊല്‍ക്കത്താ ഫൈനല്‍;  ഡല്‍ഹി കീഴടങ്ങി
X


ഷാര്‍ജ: ഐപിഎല്ലില്‍ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍. ഷാര്‍ജയില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയത്.


ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കെകെആര്‍ 136 എന്ന വിജയലക്ഷ്യം മറികടന്നത്.അവസാന ഓവര്‍ വരെ ഇരുടീമിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ലീഗ് റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തിയ ഡല്‍ഹി ഒടുവില്‍ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. അവസാന ഓവറിലെ രണ്ട് പന്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടത് ആറ് റണ്‍സായിരുന്നു. ക്രിസീല്‍ ഉള്ളത് രാഹുല്‍ ത്രിപാഠി(12)യും ലോക്കി ഫെര്‍ഗൂസണും ആയിരുന്നു. ഈ ഓവറിലെ അശ്വിന്റെ അഞ്ചാം പന്ത് നേരിട്ട ത്രിപാഠി ഒരു സിക്‌സര്‍ പറത്തി നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലേക്ക് കയറ്റി. കഴിഞ്ഞ തവണ കിരീടം നഷ്ടപ്പെട്ട് ഇത്തവണ കിരീട ഫേവററ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നത്.


ചെറിയ സ്‌കോര്‍ എളുപ്പം മറികടക്കാനുറച്ചാണ് കൊല്‍ക്കത്താ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും (46), വെങ്കിടേഷ് അയ്യരും ( 41 പന്തില്‍ 55. സിക്‌സ്-3. ഫോര്‍-4) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 96 റണ്‍സ് എത്തിനില്‍ക്കെയാണ് അയ്യരെ ഡല്‍ഹിക്ക് നഷ്ടമായത്. തുടര്‍ന്ന് വന്ന നിതേഷ റാണയ്ക്ക് (13) ഇന്ന് ഫോം കണ്ടെത്താനായില്ല. റാണയ്ക്കും ഗില്ലിനും ശേഷമെത്തിയ ദിനേഷ് കാര്‍ത്തിക്ക്,മോര്‍ഗന്‍, ഷാഖിബ്, സുനില്‍ നരേയ്ന്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഇത് ഡല്‍ഹിയെ വിജയത്തിനടുത്ത് എത്തിച്ചിരുന്നു. കൊല്‍ക്കത്തയും ഈ സമയം പതറിയിരുന്നു. എന്നാല്‍ ഇതിനിടെ നിലയുറപ്പിച്ച ത്രിപാഠിയിലൂടെയാണ് കൊല്‍ക്കത്തയ്ക്ക് ഇന്ന് ജീവന്‍ ലഭിച്ചത്.


നോര്‍ട്ട്‌ജെ, അശ്വിന്‍, റബാദെ എന്നിവര്‍ ഡല്‍ഹിയ്ക്കായി രണ്ട് വിക്കറ്റ് വീതവും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.


ടോസ് ലഭിച്ച കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. കരുത്തുറ്റ ഡല്‍ഹി ബാറ്റിങ് നിരയക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ശിഖര്‍ ധവാന്‍(39), ശ്രേയസ് അയ്യര്‍ (30) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നിന്നത്. പൃഥ്വി ഷാ(18), സ്റ്റോണിസ് (18), ഹെറ്റ്‌മെയര്‍ (17), ഋഷഭ് പന്ത് (6) എന്നിവര്‍ക്കും ഇന്ന് തിളങ്ങാനായില്ല.


കൊല്‍ക്കത്തന്‍ നിരയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. വരുണ്‍ ചക്രവര്‍ത്തി കെകെആറിനായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശിവം മാവി, ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it