Cricket

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി തുടക്കം; വിജയതുടക്കവുമായി സണ്‍റൈസേഴ്‌സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി തുടക്കം; വിജയതുടക്കവുമായി സണ്‍റൈസേഴ്‌സ്
X

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടങ്ങി സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഹൈദരാബാദ് വിജയം പിടിച്ചു. സണ്‍റൈസേഴ്സ് 44 റണ്‍സ് വിജയമാണ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. രാജസ്ഥാന്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സില്‍ അവസാനിച്ചു.

രാജസ്ഥാനായി ധ്രുവ് ജുറേലും ക്യാപ്റ്റന്‍ സഞ്ജു സാംസണും അര്‍ധ സെഞ്ച്വറികള്‍ നേടിയെങ്കിലും അതു മതിയായില്ല. ജുറേല്‍ 35 പന്തില്‍ 5 ഫോറും 6 സിക്സും സഹിതം 70 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജു 37 പന്തില്‍ 7 ഫോറും 4 സിക്സും സഹിതം 66 റണ്‍സെടുത്തും മടങ്ങി. പിന്നീട് ശുഭം ദുബെ (34), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (42) എന്നിവര്‍ അവസാന ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇരുവരും നാല് വീതം സിക്സും ഓരോ ഫോറും തൂക്കി.

യശസ്വി ജയ്സ്വാള്‍ (1), താത്കാലിക നായകന്‍ റിയാന്‍ പരാഗ് (4), നിതിഷ് റാണ (11) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് സഞ്ജു- ജുറേല്‍ സഖ്യം പൊരുതിയത്. എന്നാല്‍ ഇരുവരേയും മടക്കി ഹര്‍ഷല്‍ പട്ടേലും ആദം സാംപയുമാണ് ഹൈദരാബാദിനെ കളിയിലേക്ക് മടക്കി കൊണ്ടു വന്നത്.

നേരത്തെ, ഈ സീസണിലെ ആദ്യ സെഞ്ചുറിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍ പുറത്താകാതെ നിന്നു തിളങ്ങിയതോടെയാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ തൊട്ടത്. താരം 45 പന്തില്‍ 100 റണ്‍സെടുത്തു. ഹൈദരാബാദിനായുള്ള അരങ്ങേറ്റം താരം അവിസ്മരണീയമാക്കി. താരത്തിന്റെ ഐപിഎല്ലിലെ കന്നി സെഞ്ച്വറി കൂടിയാണിത്. ഇഷാന്റെ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് എസ്ആര്എച് കുതിച്ചത്.

ഇഷാന്‍ 47 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതം 106 റണ്‍സെടുത്തു. മിന്നല്‍ തുടക്കമാണ് ഹൈദരാബാദിനു ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. അഭിഷേകിനെ അധികം വൈകാതെ മടക്കാന്‍ രാജസ്ഥാനു കഴിഞ്ഞെങ്കിലും ഹെഡ് ഫോമിന്റെ ഔന്നത്യത്തിലായിരുന്നു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഹെഡ് കളം വാണു. 21 പന്തില്‍ 50 ല്‍ എത്തിയ ഹെഡിന്റെ കരുത്തില്‍ ഹൈദരാബാദ് 10 ഓവറിനുള്ളില്‍ തന്നെ 100 കടന്നു കുതിച്ചു.

31 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം താരം 67 റണ്‍സ് അടിച്ചെടുത്താണ് ഹെഡ് മടങ്ങിയത്. പിന്നാലെയാണ് ഇഷാന്‍ കിഷനും കമ്പക്കെട്ടിനു തിരി കൊളുത്തിയത്. അഭിഷേക് ശര്‍മ 11 പന്തില്‍ 24 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ ഹെയ്ന്റിച് ക്ലാസനും തിളങ്ങി. താരം 14 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സുമായി പുറത്തായി.

നാല് വര്‍ഷത്തിനു ശേഷം രാജസ്ഥാന്‍ ജേഴ്‌സിയില്‍ വീണ്ടുമിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ക്ക് തിരിച്ചു വരവ് കയ്‌പ്പേറിയതായി. ഒറ്റ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ 23 റണ്‍സ് വഴങ്ങി. നാലോവറില്‍ താരം വഴങ്ങിയത് 76 റണ്‍സ്. രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡെ മികച്ച ബൗളിങ് പുറത്തെടുത്തു. അവസാന ഓവറില്‍ താരം അടുത്തടുത്ത പന്തുകളില്‍ അനികേത് ശര്‍മ (7), അഭിനവ് മനോഹര്‍ (1) എന്നിവരെ മടക്കി. മത്സരത്തില്‍ മൊത്തം 3 വിക്കറ്റുകള്‍ താരം വീഴ്ത്തി.മഹീഷ തീക്ഷണ തല്ല് വാങ്ങിയെങ്കിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ ഒരു വിക്കറ്റെടുത്തു.





Next Story

RELATED STORIES

Share it