Cricket

ബാംഗ്ലൂര്‍ ഒരുങ്ങിതന്നെ; ദേവ്ദത്ത്-കോഹ്‌ലി വെടിക്കെട്ടില്‍ നാലാം ജയം

10 വിക്കറ്റിന്റെ കൂറ്റന്‍ ജയം നേടിയാണ് ബാംഗ്ലൂര്‍ രാജസ്ഥാനെ നിലംപരിശാക്കിയത്.

ബാംഗ്ലൂര്‍ ഒരുങ്ങിതന്നെ; ദേവ്ദത്ത്-കോഹ്‌ലി വെടിക്കെട്ടില്‍ നാലാം ജയം
X


മുംബൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ ഇറങ്ങിയത് ജയിക്കാന്‍ വേണ്ടി മാത്രം.ഇന്ന് നടന്ന അവരുടെ നാലാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയും വീഴ്ത്തിയാണ് ബാംഗ്ലൂര്‍ ജയ പരമ്പര തുടര്‍ന്നത്. 10 വിക്കറ്റിന്റെ കൂറ്റന്‍ ജയം നേടിയാണ് ബാംഗ്ലൂര്‍ രാജസ്ഥാനെ നിലംപരിശാക്കിയത്. 178 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ 16.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 181 റണ്‍സെടുത്താണ് ജയം വരുതിയിലാക്കിയത്. കോഹ്‌ലി-പടിക്കല്‍ ജോഡിയാണ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.


സീസണില്‍ ആദ്യമായാണ് കോഹ്‌ലി -പടിക്കല്‍ ഓപ്പണിങ് ജോഡി ഫോമിലേക്കുയര്‍ന്നത്. 52 പന്തില്‍ നിന്നാണ് ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണ്. ആറ് സിക്‌സും 11 ഫോറും അടങ്ങുന്നതാണ് പടിക്കലിന്റെ ഇന്നിങ്‌സ്. 47 പന്തില്‍ നിന്നാണ് ക്യാപ്റ്റന്‍ 72 റണ്‍സ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറുമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും വീണത്. ബാംഗ്ലൂര്‍ വന്‍മതിലിന്റെ ഒരു വിക്കറ്റ് പോലും ഇളക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയ്ക്കായില്ല. ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ഈ മല്‍സരത്തിലും രാജസ്ഥാന്‍ ജയം കൈവിട്ടു.


ടോസ് നേടിയ ബാംഗ്ലൂര്‍ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മുന്‍ നിര തകര്‍ന്ന രാജസ്ഥാനെ രക്ഷിച്ചത് ശിവം ഡുബേയും (46), രാഹുല്‍ തേവാട്ടിയും (40) ചേര്‍ന്നാണ്. 23 പന്തില്‍ തേവാട്ടിയ 40 റണ്‍സെടുത്തപ്പോള്‍ 32 പന്തിലാണ് ഡുബേയുടെ ഇന്നിങ്‌സ്. 16 പന്തില്‍ 25 റണ്‍സുമായി റിയാന്‍ പരാഗും റോയല്‍ ടീമിന് തുണയായി.സഞ്ജു സാംസണ്‍ 21 റണ്‍സുമായി പുറത്തായി. ജോസ് ബട്‌ലര്‍ (8), വൊഹറാ(7), മില്ലര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റ് നേടി. ജയത്തോടെ ബാംഗ്ലൂര്‍ നാലില്‍ നാല് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.നാലില്‍ ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ അവസാന സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it