Cricket

അശുതോഷിനെ ലേലത്തില്‍ കൈവിട്ടവര്‍ക്ക് കണ്ണീര്‍; കോളടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

അശുതോഷിനെ ലേലത്തില്‍ കൈവിട്ടവര്‍ക്ക് കണ്ണീര്‍; കോളടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
X

വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ലോകക്രിക്കറ്റിന്റെ ശ്രദ്ധകേന്ദ്രമായ താരമാണ് അശുതോഷ് ശര്‍മ്മ. 210 റണ്‍സിന്റെ വിജയ ലക്ഷം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 113 ന് ആറെന്ന നിലയിലേക്ക് വീണെങ്കിലും പിടിച്ചെഴുന്നേല്‍പ്പിച്ചത് 26 കാരന്‍ അശുതോഷ് ശര്‍മ എന്ന ഇംപാക്ട് പ്ലെയറാണ്. വിപ്‌രാജ് നിഗത്തിനൊപ്പം ഏഴാം വിക്കറ്റില്‍ അശുതോഷിന്റെ 55 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.


കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്‌സിനായാണ് അശുതോഷ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്നത്. പഞ്ചാബിനായി വാലറ്റത്ത് സജീവമായിരുന്ന അശുതോഷ് 11 മല്‍സരങ്ങളില്‍ 167.26 സ്‌ട്രൈക്ക് റേറ്റില്‍ 189 റണ്‍സ് നേടിയാണ് സീസണ്‍ അവസാനിപ്പിച്ചത്. 17 പന്തില്‍ 31, 15 പന്തില്‍ 33*, 16 പന്തില്‍ 31, 28 പന്തില്‍ 61 എന്നിങ്ങനെ പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വെടികെട്ടിന്റെ ബാക്കിയാണ് ഇന്നലെ വിശാഖപട്ടണത്ത് കണ്ടത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ താരമായിരുന്നെങ്കിലും അഷുതോഷിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. 2024 സീസണില്‍ 20 ലക്ഷം രൂപയ്ക്കാണ് താരം പഞ്ചാബിനായി കളിച്ചത്. കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന മെഗാലേലത്തില്‍ 30 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് അശുതോഷിനെ ലേലം വിളിച്ച് തുടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സുമായിട്ടായിരുന്നു ലേലത്തിലെ പോര്. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും എത്തിയതോടെയാണ് അശുതോഷിന്റെ വില കുത്തനെ ഉയര്‍ന്നത്. ഒടുവില്‍ 3.80 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വെയ്ക്കും മധ്യപ്രദേശിനും വേണ്ടി കളിക്കുന്ന താരമാണ് അശുതോഷ്. ഇതുവരെ എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 14 ലിസ്റ്റ് എ, 32 ട്വന്റി 20 മത്സരങ്ങളും അശുതോഷ് പാഡണിഞ്ഞിട്ടുണ്ട്. ട്വന്റി-20 യില്‍ 184.58 സ്‌ട്രൈക്ക്‌റേറ്റുള്ള അശുതോഷിന്റെ പേരിലാണ് അതിവേഗ ട്വന്റി 20 അര്‍ധ സെഞ്ചുറി. 2023 ലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചലിനെതിരെ 11 പന്തിലായിരുന്നു അശുതോഷിന്റെ അര്‍ധ സെഞ്ചുറി.






Next Story

RELATED STORIES

Share it